കോട്ടയം: ഇടതുമുന്നണിയോടുള്ള നയം വ്യക്തമാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം ഇന്ന് ഉച്ചക്ക് കോട്ടയത്ത് ശയനപ്രദക്ഷിണം നടത്തി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ്, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശയനപ്രദക്ഷിണം നടത്തിയതെന്ന് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം വ്യക്തമാക്കി. ഗാന്ധി പ്രതിമയ്ക്ക് സമീപം മോൻസ് ജോസഫ് എം.എൽ.എ ശയനപ്രദക്ഷിണം ഉദ്ഘാടനം ചെയ്തു.
അതേസമയം ഇരു മുന്നണികളുടെയും ഭാഗമാകാതെ സ്വതന്ത്ര നിലപാട് തുടരാനാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം. ഇന്നലെ നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് തീരുമാനം എടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാൻ ജോസ് കെ.മാണിയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തി.