ramayanam

കോട്ടയം : ആദർശവാനായ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന ശ്രീരാമന്റെ സന്താപവും സന്തോഷവും മാനസിക സംഘർഷവും നിറഞ്ഞ ജീവിതകഥയിലൂടെ മലയാളിയെ ഒരു മാസക്കാലം ഭക്തിസാന്ദ്രമായ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന രാമായണമാസാചരണവും കൊവിഡിൽ മുങ്ങി വഴിപാടാകുന്നു.

കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് ക്ഷേത്രങ്ങൾ അടച്ചിട്ട് ഭക്തജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതോട തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ 'അദ്ധ്യാത്മരാമായണ 'പാരായണം ഇക്കുറി ക്ഷേത്രങ്ങളിൽ ഉണ്ടാവില്ല. പൊതുഇടങ്ങളിലും രാമായണവുമായി ബന്ധപ്പെട്ട പരിപാടികൾ കാണില്ല. ചുരുക്കത്തിൽ വീടുകളിൽ മാത്രമായി രാമായണം പാരായണം ഒതുങ്ങും.

ഓൺലൈനിൽ രാമായണ പാരായണവും രാമായണ കലോത്സവവും നടത്താനും ശ്രമമുണ്ട്. ബാലഗോകുലം 38 ഗോകുല ജില്ലകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി ഓൺലൈൻ കലാമത്സരം നടത്തും. 16 ന് ജി.വേണുഗോപാൽ കലാമത്സരം ഉദ്ഘാടനം ചെയ്യും. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് രാമായണമാസത്തിലാണ്. ദേവസ്വംബോർഡ് വക ക്ഷേത്രങ്ങളിൽ നല്ല വില്പനയാണ് നടക്കുക. പുസ്തകശാലകളിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞതോടെ ഓൺലൈനിലും ഇ-ബുക്കായും പ്രമുഖ പ്രസാധകർ വിലക്കിഴിവ് പ്രഖ്യാപിച്ച് അദ്ധ്യാത്മരാമായണം വില്പന തുടങ്ങി. ഒപ്പം പുസ്തക പ്രേമികളെ ആകർഷിക്കാൻ രാമായണം ക്വിസ് മത്സരവും സമ്മാന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓഡിയോ രൂപത്തിലുള്ള രാമായണ സി.ഡിയ്ക്ക് നല്ല വില്പനയാണ് പ്രതീക്ഷിക്കുന്നത്.

കർക്കടകം ഒന്ന് നാളെ

നാളെ തുടങ്ങുന്ന രാമായണ മാസാചരണം ആഗസ്റ്റ് 16 വരെ നീളും. കൊവിഡ് ഭീതിയിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഏറെയുള്ളതിനാൽ വീടുകളിൽ രാമായണ വായനക്കാരുടെ എണ്ണം കൂടാം. പുലർച്ചെ ആകാശവാണി നിലയത്തിൽ നിന്ന് രാമായണ പാരായണമുണ്ട്. കാവാലം ശ്രീകുമാർ, ബി.അരുദ്ധതി തുടങ്ങിയ പ്രമുഖ ഗായകരുടെ പുലർച്ചെയുള്ള ആലാപനം കേൾക്കാൻ ശ്രോതാക്കൾ ഏറെയാണ്.