ബൈക്കുകൾ ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങൾക്കായി
കോട്ടയം : മാല മോഷണത്തിനും കഞ്ചാവ് കടത്തിനും അടക്കം നിരന്തരം ഉപയോഗിച്ചിരുന്ന ന്യൂജെൻ ബൈക്കുകൾ കണ്ടെത്തുന്നതായി പൊലീസ് നടത്തിയ പരിശോധനയിൽ 191 ബൈക്കുകൾ പിടിച്ചെടുത്തു. 741 ബൈക്കുകളാണ് പരിശോധിച്ചത്. ഉടമകൾക്കെതിരെ കേസെത്ത് പിഴ ഈടാക്കി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്‌ത ക്രിമിനൽക്കേസുകൾക്ക് പിന്നിൽ ന്യൂജെൻ ബൈക്കുകളിൽ എത്തിയ യുവാക്കളുടെ സംഘങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ന്യൂജെൻ ബൈക്ക് വാങ്ങുന്നതിനായി മോഷണം നടത്തിയ കാരാപ്പുഴ സ്വദേശിയെയും പിടികൂടിയിരുന്നു.
ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കൾ അമിതവേഗതമൂലം അപകടങ്ങളിൽപ്പെടുന്നത് പതിവായിരുന്നു. ഗതാഗത നിയമംലംഘിച്ച് ഇവർ അമിതവേഗത്തിൽ പായുന്നതും പതിവായിരുന്നു. കോട്ടയം സബ് ഡിവിഷനിൽപ്പെട്ട കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് , കുമരകം, അയർക്കുന്നം, ഗാന്ധിനഗർ, ഏറ്റുമാനൂർ പ്രദേശങ്ങളിലായിരുന്നു പരിശോധന. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒമാരായ എം.ജെ അരുൺ, നിർമ്മൽ ബോസ്, ഗോപകുമാർ, അൻസാരി, ബാബു സെബാസ്റ്റ്യൻ, സജീവ് ചെറിയാൻ, ട്രാഫിക് എസ്.ഐ മനു വി.നായർ എന്നിവരാണ് പരിശോധന നടത്തിയത്.
ന്യൂജെൻ നിയമലംഘനങ്ങൾ
നിയമം ലംഘിച്ച് നമ്പർ പ്ലേറ്റ്
ബൈക്കുകളുടെ മോഡിഫിക്കേഷൻ
നമ്പർ പ്ലേറ്റിൽ ഫാൻസി ലൈറ്റ്
അമിത ശബ്‌ദമുള്ള സൈലൻസർ
ഹാൻഡിലിൽ മാറ്റം വരുത്തി
ലൈറ്റുകൾ കൂട്ടിച്ചേർക്കുക
ഹോണുകൾ കൂട്ടിച്ചേർക്കുക
അമിത വേഗത, അശ്രദ്ധ
ഹെൽമറ്റ് ധരിക്കാതിരിക്കുക
രണ്ടിലധികം പേർ ബൈക്കിൽ
സാമൂഹിക അകലമില്ല, പിഴ : 38950
കൊവിഡ് കേസുകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി. 1494 വാഹനങ്ങൾ പരിശോധിച്ചു. സ്വകാര്യ ബസുകളിലും ഓട്ടോറിക്ഷകളിലും സാമൂഹിക അകലം പാലിക്കാത്തത്തിന് 38950 രൂപ പിഴ ഈടാക്കി.