kudivella-vitharanm

ചാലച്ചിറ ശുദ്ധജലവിതരണപദ്ധതി പ്രവർത്തനം നിലച്ചിട്ട് അഞ്ച് വർഷം


ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയ്ക്കായി തയാറാക്കിയ ചാലച്ചിറ ശുദ്ധജലവിതരണപദ്ധതി പ്രവർത്തനം നിലച്ചതോടെ ഒരു പ്രദേശമാകെ കുടിവെള്ളക്ഷാമത്തിൽ. 2006 ലാണ് ഇത്തിത്താനം ശുദ്ധജല വിതരണസമിതി വിഭജിച്ച് ചാലച്ചിറയിൽ ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചത്. എന്നാൽ സമിതി പ്രവർത്തനം നിലച്ചിട്ട് അഞ്ചു വർഷത്തിലേറെയായി. ചാലച്ചിറ,കുരട്ടിമല, പുളിമൂട്,പൊൻപുഴ,കാർഗിൽ,പീച്ചാങ്കേരി പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനാണ് ചാലച്ചിറ പദ്ധതിക്ക് രൂപം നൽകിയത്.

വാട്ടർ അതോറിട്ടി നടത്തിവന്നിരുന്ന ശുദ്ധജല പദ്ധതി ഇത്തിത്താനം ശുദ്ധജല പദ്ധതിയാക്കുകയും നടത്തിപ്പ് ചുമതല ഗുണഭോക്ത്യ സമിതിയെ ഏൽപ്പിക്കുകയുമായിരുന്നു. ഇത്തിത്താനം ശുദ്ധജല വിതരണ സമിതി കല്ലുകടവിലും, ചാലച്ചിറയിലുമായി രണ്ട് പദ്ധതികളായി പിരിച്ചു. കല്ലുകടവിലുള്ള കിണറ്റിൽ നിന്ന് കല്ലുകടവ് സമിതിക്ക് ജലം നൽകിയപ്പോൾ കറ്റോട് പദ്ധതിയിൽ നിന്ന് വാട്ടർ അതോറിറ്റി നൽകുന്ന വെള്ളം ചാലച്ചിറയിൽ സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ ടാങ്കിൽ ശേഖരിച്ച് അവിടെ നിന്നും വിതരണം ചെയ്യുകയായിരുന്നു പദ്ധതി ലക്ഷ്യം. സമിതിയുടെ കീഴിൽ നൂറുകണക്കിന് ഗാർഹിക ഉപഭോക്താക്കളും 60ൽ അധികം പൊതുടാപ്പുകളുമാണ് ഉണ്ടായിരുന്നത്.

കറ്റോട് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വെള്ളം ചാലച്ചിറയിലെ സംഭരണിയിൽ ശേഖരിച്ച് അവിടെനിന്ന് പമ്പ് ചെയ്ത് പൊൻപുഴ പൊക്കത്തുള്ള ഓവർഹെഡ് സംഭരണിയിൽ ശേഖരിച്ചാണ് ഇത്തിത്താനം പ്രദേശത്തേക്ക് വിതരണം ചെയ്തിരുന്നത്. പൊതുടാപ്പുകളുടെ വെള്ളക്കരം ഗ്രാമപഞ്ചായത്തിൽ നിന്ന് നൽകണമെന്ന് ആവശ്യം ഉയർന്നെങ്കിലും പഞ്ചായത്ത് അതിന് തയാറായില്ല. വെള്ളക്കരം പിരിക്കുന്നതിൽ വീഴ്ച വന്നതോടെ വൈദ്യുതി ചാർജ് കുടിശികയായി. ഇതോടെ കറ്റോട് പദ്ധതിയിൽ നിന്നുള്ള പമ്പിംഗ് ഉൾപ്പെടെ നിറുത്തിയതോടെ പദ്ധതി പൂർണമായി നിലച്ചു.


ഒടുവിൽ തുരുമ്പെടുത്തു!


പദ്ധതി നിശ്ചലമായതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് മോട്ടോറുകളും അനുബന്ധ സാമഗ്രികളും തുരുമ്പെടുത്ത് നശിക്കുകയാണ്. ഇത് കടുത്ത നഷ്ടത്തിന് ഇടയാക്കും. സംസ്ഥാന സർക്കാർ കേന്ദ്ര ഗവ.സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി ചാലച്ചിറ ശുദ്ധജല വിതരണ സമിതിയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ മുരളീധരൻ നായർ, ഇത്തിത്താനം വികസന സമിതി സെക്രട്ടറി ബിജു.എസ് മേനോൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.