കാഞ്ഞിരപ്പള്ളി:സമീപ പഞ്ചായത്തുകളിൽ കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കാൻ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. നടപടികളുടെ ഭാഗമായി മത്സ്യം,പച്ചക്കറി,ഭക്ഷണസാധനങ്ങൾ എന്നിവ വാഹനങ്ങളിലും പാതയോരങ്ങളിലും കച്ചവടം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.ഓട്ടോ ,ടാക്‌സി,ബസ് എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ നടപടി സ്വീകരിക്കും.26ാം മൈൽ മുതൽ കുരിശുകവല വരെയുള്ള ഭാഗത്ത് നിയന്ത്രണങ്ങൾ കർക്കശമാക്കും.
ഇതിന്റെ ഭാഗമായി പൊലീസ് പരിശോധന നടത്തും.വ്യാപാരസ്ഥാപനങ്ങളിലും സാനിറ്റൈസറും സന്ദർശക രജിസ്റ്ററും നിർബന്ധമാക്കി.ഓട്ടോടാക്‌സി തൊഴിലാളികൾ യാത്രക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം.സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ 8 മുതൽ വൈകിട്ട് 7 വരെയായിരിക്കും.ഹോട്ടലുകളുടെ പ്രവർത്തനസമയം രാവിലെ 7 മുതൽ വൈകിട്ട് 8 വരെയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷയായി.തഹസീൽദാർ അജിത്കുമാർ,ഡി.വൈ.എസ്.പി.ജെ.സന്തോഷ്‌കുമാർ,പഞ്ചായത്ത് സെക്രട്ടറി ഷാഹുൽഹമീദ്,എന്നിവർ പ്രസംഗിച്ചു.ആരോഗ്യവകുപ്പ് ജീവനക്കാരും വ്യാപാരിവ്യവസായി പ്രതിനിധികളും വിവിധ സംഘടനാഭാരവാഹികളും പങ്കെടുത്തു.