കോട്ടയം : മുഖ്യമന്ത്രിയുടെ വിശ്വസ്തർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കൊവിഡിനെ പരിചയായി ഉപയോഗിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി. സ്വപ്നയ്ക്കും ശിവശങ്കരനും എതിരെ പറഞ്ഞാൽ കൊവിഡ് വ്യാപനം ആകുന്നത് എങ്ങിനെയാണ്. പകർച്ചവ്യാധി നിരോധന നിയമത്തിന്റെ ആനുകൂല്യം ഇവർക്ക് നൽകുന്ന മുഖ്യമന്ത്രി കള്ളക്കടത്തുകാരെ ചോദ്യം ചെയ്യുന്നവരെ കേസിൽ കുടുക്കുകയാണ് ചെയ്യുന്നത്. അന്തരാഷ്ട്ര ബന്ധങ്ങളുള്ള രാജ്യദ്രോഹകേസ് ആയതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. എല്ലാ അന്വേഷണങ്ങളും വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മാത്രമല്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ മുഴുവൻ നിയന്ത്രിക്കുന്നയാളാണ്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. എൻ.ഐ.എ അന്വേഷണത്തെ ആരും തള്ളിപ്പറിഞ്ഞിട്ടില്ല. കേസിൽ ഇന്റർപോളിന്റെ സേവനവും വേണ്ടിവരുമെന്നതിനാലാണ് എൻ.ഐ.എ അന്വേഷണത്തിന് സമാന്തരമായി സി.ബി.ഐ അന്വേഷണവും ആവശ്യമായി വരുന്നത്. ശിവശങ്കറിന്റെ വിദേശയാത്രകളുടെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിടണം. സ്വർണക്കടത്ത് കേസിൽ തട്ടിപ്പ് കണ്ടുപിടിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന മാദ്ധ്യമങ്ങളെ വേട്ടയാടുകയാണ് ഡി.ജി.പി ചെയ്യുന്നതെന്നും കോൺഗ്രസ് തിരുനക്കരയിൽ നടത്തിയ ജനകീയ ധർണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.