കോട്ടയം: ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിനായി നാട് ഒന്നിച്ചുനിന്നു. പോസ്റ്റിട്ട് വയറിംഗ് നടത്തി വൈദ്യുതി എത്തിച്ചു നൽകിയ കെ.എസ്.ഇ.ബിയും, ടിവി നൽകിയ പ്രവാസിയും, കേബിൾ കണക്ഷൻ സൗജന്യമായി നൽകിയ കേബിൾ ഓപ്പറേറ്ററും എല്ലാത്തിനും ചുക്കാൻ പിടിച്ച കൗൺസിലറും ചേർന്നപ്പോൾ പാറമ്പുഴ അർത്യാകുളത്തെ കുടുംബത്തിലെ കുട്ടികൾക്ക് ഇനി ഓൺലൈനായി പഠിക്കാം.
നഗരസഭ അംഗം ജോജി കുറത്തിയാടന്റെ ഇടപെടലിനെ തുടർന്നാണ് കുടുംബത്തിനു വെളിച്ചവും ടി.വിയും എത്തിയത്. ഇന്നലെ രാവിലെ തോമസ് ചാഴികാടൻ എം.പി വീട്ടിലെത്തി കുടുംബത്തിനു ടി.വി കൈമാറി. പാറമ്പുഴ അർത്യാകുളത്ത് താമസിക്കുന്ന കുടുംബത്തിലെ കുരുന്നുകൾക്കാണ് അടിസ്ഥാന സൗകര്യമില്ലാതിരുന്നതിനെ തുടർന്നു പഠനം മുടങ്ങിയത്. കൂലിപ്പണിക്കാരനായ ഗൃഹനാഥൻ, അസുഖബാധിതനായി വീട്ടിൽ കിടപ്പാണ്. കഴിഞ്ഞ ദിവസം വാർഡിലെ വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് നഗരസഭ അംഗം ജോജി കുറത്തിയാടൻ ഇവരുടെ ദുരവസ്ഥ കണ്ടത്.
ഓൺൈലൻ പഠന സൗകര്യമില്ലെന്നു കുട്ടികൾ പറഞ്ഞതോടെ ജോജി കുറത്തിയാടൻ പ്രശ്‌നത്തിൽ ഇടപെട്ടു. ഉടൻ തന്നെ ഗാന്ധിനഗർ കെ.എസ്.ഇ.ബി ഓഫിസിലെ എ.ഇ ഹർഷകുമാരിയുടെ നിർദേശം അനുസരിച്ചു സബ് എൻജിനീയർ ബിജുവിനെ ബന്ധപ്പെട്ടു. ബിജു വീട്ടിലെത്തി സൗജന്യമായി വീട് മുഴുവൻ വയറിംഗ് ചെയ്തു നൽകി. ഒരു വർഷത്തെ വൈദ്യുതി ചാർജ്ജ് അഡ്വാൻസായി മറ്റൊരാളും അടച്ചു.ഇതിനിടെയാണ് യു.കെയിൽ നിന്നും പ്രവാസിയായ ഷൈമോൻ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് ടിവി വാങ്ങി നൽകാൻ തയാറായത്.