ആളും ആരവവുമില്ലാതെ കടപ്പാട്ടൂരപ്പന്റെ 60ാമത് വിഗ്രഹ ദർശന വാർഷിക ദിനം
പാലാ: 'കലികാലമാണല്ലോ എന്റെ കടപ്പാട്ടൂരപ്പാ.... ' കടപ്പാട്ടൂർ ശ്രീ മഹാദേവന്റെ പുതിയ തിടമ്പിനു മുന്നിൽ നിന്ന് തൊഴുകൈകളോടെ പ്രാർത്ഥിക്കുമ്പോൾ 91കാരി ജാനകിയമ്മ ടീച്ചറിന്റെ വാക്കുകൾ ഇടറി; കണ്ണുകൾ നിറഞ്ഞൊഴുകി.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളും ആരവവുമില്ലാതെയായിരുന്നു കടപ്പാട്ടൂരപ്പന്റെ 60ാമത് വിഗ്രഹ ദർശന വാർഷിക ദിനം.
പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്നിരുന്ന പഞ്ചാക്ഷരീ മന്ത്രത്താൽ ചൈതന്യ ധന്യമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞ 59 വർഷവും വിഗ്രഹം ആദ്യമായി കണ്ട സമയമായ ഉച്ചതിരിഞ്ഞ് 2.30 ന് പ്രത്യേക ദീപാരാധനയ്ക്കായി തിരുനട തുറന്നിരുന്നത്.
ക്ഷേത്ര ചരിത്രത്തിലാദ്യമായി ഇത്തവണ പക്ഷേ ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യമില്ലാതെ വിഗ്രഹദർശന ദിനപൂജകൾ നടന്നു. ഇന്നലത്തെ വിശേഷാൽ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രം ഭരണാധികാരികൾക്കു പുറമെ എത്തിയത് വളരെക്കുറച്ച് ഭക്തർ മാത്രം.
കരൂർ മുടിയിൽ എം.ജി. ജാനകിയമ്മ എന്ന നാടിന്റെ 'ജാനകിയമ്മ ടീച്ചർ ' കഴിഞ്ഞ 59 വർഷവും തുടർച്ചയായി ജൂലായ് 14ലെ വിഗ്രഹ ദർശന ദിനാഘോഷങ്ങളിൽ പങ്കെടുത്തു വരുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ്. പ്രായത്തിന്റെ പങ്കപ്പാടുകളും കൊവിഡിന്റെ ആശങ്കകളുമുണ്ടെങ്കിലും ആറു പതിറ്റാണ്ടോളം നീണ്ട പതിവു മുടക്കാൻ ടീച്ചറിനു മനസുവന്നില്ല.
' മക്കളെ, എന്തു തടസം വന്നാലും അതൊന്നും വകവെയ്ക്കാതെ ഭഗവാന്റെ പിറന്നാൾ ദിനം ഞാനിവിടെ എത്തും. പനി പിടിച്ച് അവശയായി കിടന്നപ്പോഴും ജൂലായ് 14ന് ഞാൻ ഈ തിരു നടയിൽ വന്നിട്ടുണ്ട്. ഭഗവാന്റെ പിറന്നാൾ സദ്യയും ഉണ്ടിട്ടേ മടങ്ങാറുള്ളൂ. എന്റെ ഓർമ്മയിൽ സദ്യയും പതിനായിരക്കണക്കിനു ഭക്തരുമൊന്നുമില്ലാത്ത ആദ്യ പിറന്നാളാണ് ഇത്. ' നിറകണ്ണുകളോടെ ജാനകിയമ്മ ടീച്ചർ പറഞ്ഞു.
ആദ്യമായി ഭഗവദ് ദർശനമുണ്ടായ വർഷം മുതൽ തുടർച്ചയായി വിഗ്രഹ ദർശന ദിനാഘോഷത്തിൽ പങ്കെടുത്തു വരുന്ന ജാനകിയമ്മയെ കഴിഞ്ഞ വർഷം കടപ്പാട്ടൂർ ദേവസ്വം പ്രത്യേകം പുരസ്‌ക്കാരം നൽകി ആദരിച്ചിരുന്നു. അനാഥ പെൺകുട്ടികളുടെ പുനരധിവാസത്തിനായി സ്വന്തം സ്ഥലം വിട്ടു കൊടുത്ത റിട്ട. ഹൈസ്‌ക്കൂൾ അദ്ധ്യാപികയായ ജാനകിയമ്മ, ഈ കുട്ടികളോടൊപ്പം ഇപ്പോൾ പയപ്പാർ ജാനകീ ബാലികാശ്രമത്തിലാണ് താമസം.
കൊവിഡ് സുരക്ഷയുടെ ഭാഗമായി വിഗ്രഹ ദർശന സമയത്തെ വിശേഷാൽ ദീപാരാധന കഴിഞ്ഞ ഉടൻ തിരുനട അടച്ചു. ഇതേ തുടർന്ന് ക്ഷേത്രത്തിനു പുറത്ത് ഒരുക്കിയിരുന്ന പുതിയ തിടമ്പിനു മുന്നിൽ തൊഴുത് ഭക്തർ മടങ്ങുകയായിരുന്നു. ചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവർ നേതൃത്വം നൽകി.