പാലാ: ഇന്ത്യയിലെ വത്തിക്കാനെന്നുമറിയപ്പെടുന്ന പാലാ രൂപത സപ്തതി നിറവിൽ. 1950 ജൂലായ് 25നാണ്
പന്ത്രണ്ടാം പീയൂസ് മാർപ്പയുടെ തിരുവെഴുത്ത് വഴിയാണ് പാലാ രൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെ സ്ഥാപനം. മാർ സെബാസ്റ്റ്യൻ വയലിലായിരുന്നു പ്രഥമമെത്രാൻ. 1951 ജനുവരി 4 നായിരുന്നു രൂപതയുടെ ഉദ്ഘാടനം.

ഫാ.എമ്മാനുവേൽ മേച്ചേരിക്കുന്നേലിനെ വികാരി ജനറലായും ഫാ.മാത്യു കൊട്ടാരത്തുമ്യാലിയെ ചാൻസിലറായും ഫാ.സെബാസ്റ്റ്യൻ മറ്റത്തിലിനെ പ്രൊക്യുറേറ്ററായും ഫാ.പോൾപള്ളത്തുകുഴിയെ പഴ്‌സനൽ സെക്രട്ടറിയായും നിയമിച്ചായിരുന്നു രൂപതയുടെ പ്രവർത്തനം ആരംഭിച്ചത്. 1166 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലാണ്.

രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നുണ്ട്. 29 മെത്രാന്മാരും രൂപതയ്ക്ക് സ്വന്തമായുണ്ട്. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ,
ദൈവദാസൻ കദളിക്കാട്ടിൽ മത്തായിയച്ചൻ എന്നിവരെല്ലാം രൂപതയുടെ വിശ്വാസപാരമ്പര്യത്തിന്റെ നേർസാക്ഷ്യമാണ്.

മെഡിസിറ്റി ആശുപത്രിയും എൻജി കോളജും മറ്റ് കോളജുകളും സ്‌കൂളുകളും ഉൾപ്പെടെ 500ലേറെ സ്ഥാപനങ്ങളും രൂപതയ്ക്കുണ്ട്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയിൽ മൂന്നരലക്ഷത്തോളം വിശ്വാസികളും
67500 ഭവനങ്ങളുമാണുള്ളത്.

മോൺ. ജോസഫ് തടത്തിൽ, മോൺ.ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ.ജോസഫ് മലേപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവരാണ്‌ വികാരി ജനറൽമാർ. ഫാ.ജോസ് കാക്കല്ലിൽ ചാൻസലറും ഫാ.ജോസഫ് വാട്ടപ്പള്ളിൽ വൈസ് ചാൻസലറും ഫാ.ജോസ്‌ നെല്ലിക്കത്തെരുവിൽ പ്രൊക്യുറേറ്ററുമാണ്. 170 ഇടവകകളും 17ഫൊറോനകളുമാണ് ഇപ്പോൾ രൂപതയിലുള്ളത്.