പാലാ : രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും 33000 രൂപ വിദഗ്ദ്ധമായി തട്ടിയെടുത്ത് യുവാവ് രക്ഷപെട്ടു. രാമപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള എയ്ഞ്ചൽ ബ്യൂട്ടീക് എന്ന ടെക്സ്റ്റെയിൽസിലാണ്

തട്ടിപ്പ് നടന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. 45 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ ബൈക്കിൽ കടയിലെത്തി. ഈസമയം ഒരു ജീവനക്കാരി മാത്രമേ കടയിൽ ഉണ്ടായിരുന്നുള്ളു. കടയുടമയെ ഫോണിൽ വിളിക്കുന്നതായി നടിച്ച തട്ടിപ്പുകാരൻ കടയുടമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് തുക ആവശ്യപ്പെടുകയായിരുന്നു. 40000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ജീവനക്കാരിക്ക് സംശയം തോന്നിയപ്പോൾ വീണ്ടും കടയുടമയെ വിളിക്കുന്നതായി ഭാവിച്ചു. തുടർന്ന് മേശയിലുള്ള പണം കൊടുക്കാൻ കടയുടമ നിർദ്ദേശിച്ചതായി തട്ടിപ്പുകാരൻ ജീവനക്കാരിയോട് പറഞ്ഞു. ഇതോടെ ജീവനക്കാരി മേശയിലുണ്ടായിരുന്ന 33000 രൂപ കൊടുക്കുകയായിരുന്നത്രേ. പൈസ വാങ്ങിയ തട്ടിപ്പുകാരൻ അതിവേഗം ബൈക്ക് ഓടിച്ചു പോയി. ഒരു മണിക്കൂർ കഴിഞ്ഞ് കടയുടമ ബബിത ബൈജു കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഉടൻ രാമപുരം പൊലീസിൽ വിവരമറിയിച്ചു. എന്നാൽ തട്ടിപ്പുകാരനെ ക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണം ഊർജ്ജിതമാക്കിയതായി രാമപുരം എസ്‌ഐ സെബാസ്റ്റ്യൻ പറഞ്ഞു. സമാനരീതിയിൽ കഴിഞ്ഞവർഷം പാലായിലേയും ഈരാറ്റുപേട്ടയിലേയും വിവിധ വ്യാപാരസ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നിരുന്നു.