child

കോട്ടയം : ഗുരുതരമായ രോഗം കണ്ടെത്തിയ ഒരുദിവസം പ്രായമായ കുട്ടിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം. കാഞ്ഞിരപ്പള്ളി ഊരനാട് സ്വദേശികളായ അജു - സുമിമോൾ ദമ്പതിമാരുടെ കുട്ടിയ്ക്കാണ് 'ട്രാൻസ്‌പൊസിഷൻ ഒഫ് ഗ്രേറ്റ് ആർട്ടറി വിത്ത് ഇൻടാക്റ്റ് വെന്റട്രികുലാർ സെപ്റ്റം" എന്ന ഗുരുതരമായ അസുഖം കണ്ടെത്തിയത്. ഹൃദയസംബന്ധമായ ഈ അവസ്ഥ പരിഹരിക്കുന്നതിനു വളരെ സങ്കീർണമായ ആർട്ടറി സ്വിച്ച് ഓപ്പറേഷനാണ് നടത്തിയത്.
ഗർഭിണിയായിരിക്കുമ്പോൾ സുമിമോൾക്ക് നടത്തിയ സ്‌കാനിംഗിൽ കുട്ടിയ്ക്ക് ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജനനത്തോടെ തന്നെ കുട്ടിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയാനും, തലച്ചോർ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളെ ഇത് ബാധിക്കാനും ഇടയാക്കുന്ന അവസ്ഥയിലായിരുന്നു കുട്ടി. തുടർന്ന് ഗൈനക്കോളജി വിഭാഗത്തിലെ ഡോ.സോണിയയും, ഡോ.വീരേന്ദ്രകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രത്യേക തയ്യാറെടുപ്പുകൾ പ്രസവത്തിനായി നടത്തി.
ജനിച്ച ഉടൻ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റി. ശരീരത്തിന്റെ ഊഷ്മാവും ഓക്‌സിജനും നിലനിറുത്തുന്നതിനുള്ള മരുന്നുകളും നൽകി. രാത്രിയിൽ നില മോശമായതോടെ കാർഡിയോതൊറാസിക് വിഭാഗത്തിലെ ശിശുക്കളുടെ ഐ.സി.യുവിലേയ്ക്ക് മാറ്റി. കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.തോമസിന്റെ നേതൃത്വത്തിൽ രാവിലെ 8 ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ഒന്നോടെ പൂർത്തിയാക്കി. ഇന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്യും.