മാലം: ടോറസിൽ ബൈക്കിലിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. മാലം സ്വദേശി വടശേരിയിൽ ബാബുവിന്റെ മകൻ ബിന്നി (20), ഒറവയ്ക്കൽ മൂന്ന്കണ്ടത്തിൽ തോമസിന്റെ മകൻ വിമൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ മാലം പാലം ജംഗ്ഷനിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് അയർക്കുന്നം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികർ റോഡിലേക്ക്
തെറിച്ചുവീണു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാലം പാലം ജംഗ്ഷൻ സ്ഥിര അപകടമേഖലയാണ്. വീതി കുറഞ്ഞ പാലവും വലിയ വളവും നിരന്തരം അപകടത്തിനു ഇടയാക്കുന്നു. പാലത്തിന്റെ കൈവരി തകർന്ന് ഇതിനു മുൻപും വാഹനഅപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിൽ പാലത്തിന്റെ കോൺക്രീറ്റ് കൈവരികൾ തകർന്നതിനെ തുടർന്ന് മുളകൾ കൊണ്ട് താല്കാലികമായി സംരക്ഷണ വേലി തീർത്തിരിക്കുകയാണ്.