പാലാ : നഗരസഭയിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് 19 രോഗമെന്ന് സംശയിക്കുന്ന ലക്ഷണങ്ങൾ കണ്ടെത്തി. ഇതേത്തുടർന്ന് ഇയാളുടെ സ്രവം പരിശോധനക്കെടുത്തു. നേരത്തെ കൊവിഡ് ബാധിച്ച ജീവനക്കാരനുമായി ഇദ്ദേഹം അടുത്ത് ഇടപഴകിയിരുന്നു. ഇതേത്തുടർന്നാണ് ലക്ഷണങ്ങൾ കണ്ട ഉടൻതന്നെ ഇദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ച് സ്രവം എടുത്തതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. പല ബസുകൾ മാറി കയറിയാണ് ഈ ജീവനക്കാരനും നഗരസഭാ ഓഫീസിൽ വന്നുപോയിരുന്നത്.

അതേസമയം നിലവിലെ സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടവും നഗരസഭയും.

നഗരസഭയിലെ റവന്യൂ വിഭാഗം ജീവനക്കാരനായിരുന്ന 28കാരന് തിങ്കളാഴ്ച പുലർച്ചെയാണ് കൊവിഡ്19 സ്ഥിരീകരിച്ച് സ്രവപരിശോധനാ ഫലം കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾക്ക് കടുത്ത തലവേദനയും പനിയുമായിരുന്നു രോഗലക്ഷണങ്ങൾ. തുടർന്ന് വ്യാഴാഴ്ച പാലാ ജനറൽ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിലെത്തി സ്രവം പരിശോധനയ്ക്ക് നൽകുകയായിരുന്നു.

നിലവിലെ സഹാചര്യം പരിഗണിച്ച് നഗരസഭ റവന്യൂ, എൻജിനീയറിംഗ്, ജനറൽ വിഭാഗങ്ങൾക്കെല്ലാം താത്കാലിക അവധി നൽകിയിരിക്കുകയാണ്. ആരോഗ്യവിഭാഗത്തിലെ ഏതാനും ജീവനക്കാർക്ക് മാത്രമാണ് ചൊവ്വാഴ്ച ഓഫീസിലേക്ക് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങൾക്ക് ഒരാഴ്ചത്തേക്ക് നഗരസഭാ കാര്യാലയത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. നഗരസഭ 2 തവണ അണുവിമുക്തമാക്കി. ജീവനക്കാരന്റെ സമ്പർക്കപട്ടിക വിപുമാണെന്ന സൂചനയാണ് ആരോഗ്യവകുപ്പ് ജീവനക്കാർ നൽകുന്നത്. ചില വ്യാപാരസ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും ഇയാൾ എത്തിയിരുന്നു.