വൈക്കം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരും ജനങ്ങളും കൈകോർക്കുമ്പോൾ അതിന് വിപരീത നിലപാടുകളുമായി ചുരുക്കം ചിലർ. അടുത്ത ദിവസങ്ങളിലായി വൈക്കം വീണ്ടും കൊവിഡ് ഭീതിയിലായതിന് പിന്നിൽ ജാഗ്രതക്കുറവാണെന്ന ആക്ഷേപം ശക്തമാണ്.
കൊവിഡിനെ പ്രതിരോധിക്കാൻ മാസങ്ങളായി വൈക്കം നടത്തിയ പ്രവൃത്തനങ്ങളെല്ലാം മാതൃകാപരമായിരുന്നു. ആദ്യമായി വടയാറിലും വെള്ളൂരിലും സ്ഥിരീകരിച്ചപ്പോൾ കരുതലോടെയാണ് പ്രതിരോധിക്കാൻ നാട് ഒന്നിച്ചത്. ഇതിനുശേഷം കാര്യമായ ആശങ്കകളില്ലാതെ പോകുമ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിലായി വൈക്കത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിക്കുന്നത്. ടിവിപുരം പഞ്ചായത്തിലെ ചെമ്മനത്തുകര ഗവ യു.പി സ്കൂളിലെ ഇടയാഴം സ്വദേശിയായ അദ്ധ്യാപികയ്ക്കും ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിൽ എഴുപുന്നയിലെ ചെമ്മീൻ സംസ്‌കരണ ശാലയിലെ ജീവനക്കാരനും തലയോലപ്പറമ്പ് പഞ്ചായത്തിലെ അടിയത്ത് ചേർത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ധ്യാപിക ബന്ധുവായ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലായിരുന്നു. പക്ഷേ ഇവർ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച് അടുത്ത ദിവസവും സ്‌കൂളിലെത്തി. സംഭവമറിഞ്ഞപ്പോൾ ഗ്രാമപഞ്ചായത്ത് അധികൃതർ സ്‌കൂൾ അടച്ചിടാൻ നിർദേശം നൽകി. എന്നാൽ ഇത് വകവയ്ക്കാതെ അടുത്ത രണ്ട് ദിവസങ്ങൾ കൂടി സ്‌കൂൾ തുറന്ന് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളും രക്ഷിതാക്കളുമായി അറുപതോളം പേർ ഈ ദിവസങ്ങളിൽ ഇവിടെ എത്തിയിരുന്നു. പിന്നീട് അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഇതോടെ കൊവിഡ് പോസിറ്റീവ് ആയ അദ്ധ്യാപികക്കൊപ്പം സമ്പർക്കമുണ്ടായ സഹപ്രവർത്തകരും വിദ്യാർത്ഥികളും ഇവരുടെ രക്ഷിതാക്കളും ഇപ്പോൾ നിരീക്ഷണത്തിലായിരിക്കുകയാണ്. ഇതിനിടയിൽ അവിടെ ടിവി വിതരണത്തിന് പോയ സി.കെ.ആശ എം.എൽ.എയും സ്വയം ക്വാറന്റൈനിൽ പോയി.
സമാനമായ അവസ്ഥയാണ് ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലും. കൊവിഡ് സ്ഥിരീകരിച്ച നേരേകടവ് മാടവന സ്വദേശിയായ യുവാവ് ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ സംസ്‌കരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇയാൾക്കൊപ്പം ജോലി ചെയ്യുന്ന നിരവധി പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് അടച്ചിടുകയും ക്വാറന്റൈനിൽ പ്രവേശിക്കാൻ ജീവനക്കാർക്ക് എഴുപുന്ന പഞ്ചായത്ത് നിർദേശം നൽകുകയും ചെയ്തു. എന്നാൽ യുവാവും ആരോഗ്യപ്രവർത്തകയായ മാതാവും ഇത് കാര്യമായെടുത്തില്ല. ഫുട്‌ബോൾ കളിക്കാനും വിവാഹവീട്ടിലുമൊക്കെ യുവാവ് പോയതായാണ് ആരോപണം. ഇതിനിടെ കഴിഞ്ഞ ഒൻപതിന് ഇയാൾ വൈക്കം താലൂക്ക് ആശുപത്രി ഒ.പിയിലും എത്തിയിരുന്നു. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും നാല് ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. ആ സമയം ഒ.പിയിലെത്തിയ രോഗികൾ ക്വാറെൈന്റെനിൽ പോകണമെന്ന് നഗരസഭ മാധ്യമങ്ങൾ വഴിയും മൈക്ക് അനൗൺസ്മെന്റിലൂടെയും നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ നിലയിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ നിന്നും ഒരാൾ ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശിക്കപ്പെട്ടാൽ അയാൾ നിരീക്ഷണത്തിലിരിക്കേണ്ട ക്വാറന്റൈൻ കേന്ദ്രം ഉൾപ്പെടുന്ന പ്രദേശത്തെ പഞ്ചായത്തിനെ അറിയിക്കേണ്ടതുണ്ട്. എന്നാൽ എഴുപുന്ന പഞ്ചായത്തിൽ നിന്നും ഇതു സംബന്ധിച്ച് യാതൊരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഉദയനാപുരം പഞ്ചായത്ത് അധികൃതർ പറയുന്നത്.
തലയോലപ്പറമ്പിലെ ആരോഗ്യ പ്രവർത്തക ചേർത്തല താലൂക്ക് ആശുപത്രിയിലെ സഹപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രവ പരിശോധന നടത്തുകയും തുടർന്ന് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം ലഭിക്കുകയും ചെയ്ത ശേഷവും നാട്ടിലെത്തി കടകളിലും മറ്റും പോയിരുന്നു. ഇത് ഇവരുടെ സമ്പർക്ക പട്ടിക വിപുലമാകാൻ കാരണമായി.
വൈക്കത്തെ കൊവിഡ് കേസുകളുടെ സമ്പർക്കപ്പട്ടിക ഉയർത്തുന്ന ആശങ്ക ചെറുതല്ല. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സമ്പർക്ക വ്യാപനം തടയാനുള്ള നീക്കത്തിലാണ് അധികൃതർ.

കൊവിഡ് വ്യാപന പ്രതിരോധത്തിനായി പഞ്ചായത്ത് നൽകിയ നിർദ്ദേശങ്ങൾ അവഗണിക്കുക വഴി ചെമ്മനത്തുകര സ്കൂൾ അധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. സ്കൂളുമായി ബന്ധപ്പെട്ട ചിലർ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ സഹകരിച്ചില്ല. സംഭവങ്ങൾ ജില്ലാ കളക്ടടറെ അറിയിച്ചിട്ടുണ്ട്.

ടി. അനിൽകുമാർ
(ടിവിപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)