കോട്ടയം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ അടച്ചതോടെ വിളക്കു കത്തിക്കാനുള്ള എണ്ണയ്ക്ക് പോലും പണമില്ലാത്ത ഗതികേടിലായി ക്ഷേത്രങ്ങൾ. നിയന്ത്രണങ്ങൾ പാലിച്ച് തുറക്കാമെന്ന സർക്കാർ നിർദ്ദേശം വന്നതോടെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നൽകിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പേരിൽ പിന്നീട് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളും അടച്ചു. വിശ്വഹിന്ദു പരിഷത്തിന്റെയും എൻ.എസ്.എസിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ തുറന്ന ക്രിസ്ത്യൻ, മുസ്ലീം പള്ളികൾ അടച്ചില്ല.
നേരത്തേ ഭക്തജനങ്ങൾ വഴിപാടായി എണ്ണ വാങ്ങി നടയിൽ വയ്ക്കുകയോ വിളക്കുകളിൽ ഒഴിക്കുകയോ ആയിരുന്നു . മിക്ക ക്ഷേത്രങ്ങളിലും കെടാവിളക്കുകൾ കത്തിയിരുന്നത് ഇങ്ങനെയായിരുന്നു. അധിക എണ്ണ സ്റ്റോക്ക് ചെയ്യാൻ പല ക്ഷേത്രങ്ങളിലും സംവിധാനവുമേർപ്പെടുത്തിയിരുന്നു . ഭക്തർക്ക് പ്രവേശനം നിഷേധിച്ചതോടെ വഴിപാട് കുറഞ്ഞു . വരുമാനമില്ലാതായതോടെ എണ്ണ വാങ്ങിക്കൊടുക്കേണ്ട ചുമതല പലയിടത്തും ഉപദേശകസമിതിക്ക് ആയി. ചുറ്റുവിളക്ക് കത്തിക്കൽ മിക്ക ക്ഷേത്രങ്ങളിലും നിറുത്തി. എണ്ണ വറ്റാതിരിക്കാൻ ഉപദേവന്മാരുടെ നടയിലും ഒരു വിളക്കു മാത്രമായി .
കൊവിഡ് അടുത്ത കാലത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല . ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കാൻ ബുദ്ധിമുട്ടുന്ന ദേവസ്വം ബോർഡിന് എല്ലാ ക്ഷേത്രങ്ങളിലേക്കും എണ്ണ വാങ്ങി നൽകാൻ കഴിയില്ല. ഓരോ ക്ഷേത്രങ്ങളും വിളക്കു കൊളുത്താനുള്ള എണ്ണ സംഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. ദിവസവും രണ്ടു നേരം പ്രധാന വിളക്ക് കത്തിക്കാൻ കഴിയാത്ത ഗുരുതര സ്ഥിതിയിലേക്ക് പ്രമുഖ ക്ഷേത്രങ്ങൾ വരെ നീങ്ങുകയാണ്.
എങ്ങിനെ മറികടക്കുമെന്ന് അറിയില്ല
കേരളത്തിൽ ദേവസ്വം ബോർഡിന്റെ ചുമതലയിൽ 1250 ക്ഷേത്രങ്ങളുണ്ട്. 4000 ജീവനക്കാരും 5000 പെൻഷൻകാരുമുണ്ട്. ശമ്പളം, പെൻഷൻ ചെലവ് മാസം 40 കോടി വരും. അമ്പലങ്ങൾ അടച്ചതോടെ വഴിപാട് വരുമാനം കുറഞ്ഞു. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ശമ്പളവും പെൻഷനും നൽകാൻ ബുദ്ധിമുട്ടുകയാണ്. ശബരിമലയിൽ നിന്ന് 160 കോടി രൂപ ഒരു വർഷം കിട്ടുമായിരുന്നു . ഭക്തജന നിയന്ത്രണം അവിടുത്തെ വരുമാനത്തെയും ബാധിച്ചു. കൊവിഡ് പ്രതിസന്ധി നീളുന്നത് എങ്ങനെ മറികടക്കുമെന്ന് അറിയില്ല.
അഡ്വ. എൻ.വാസു,
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്