
മൂന്ന് പതിറ്റാണ്ട്  മുമ്പാണ്. രാവിലെ  ഗണപതി പൂജയും കഴിഞ്ഞ്  നെറ്റിയിൽ  നീട്ടി വരച്ച ചന്ദനക്കുറിയും ചുണ്ടിൽ മായാത്ത  ചിരിയുമായി  പായ്ക്കറ്റുകളിൽ  കറിപൗഡറുകൾ  നിറച്ച  സഞ്ചി സൈക്കിളിൽ  തൂക്കിയിട്ട്  തൊടുപുഴ നഗരത്തിലെ കടകൾ തോറും കയറിയിറങ്ങി വിറ്റിരുന്നൊരു ചെറുപ്പക്കാരൻ. വിയർപ്പും  വിശപ്പും  തളർത്താത്ത നാളുകൾ. വൈകാതെ സൈക്കിളിന്റെ സ്ഥാനത്ത്  സ്കൂട്ടറായി. പിന്നെ  ഒരു  മിനിവാനും. സാധാരണക്കാരനായി  തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച  ബ്രാഹ്മിൺസ് ഫുഡ്സ്  ഇന്ത്യ പ്രൈവറ്റ്  ലിമിറ്റഡെന്ന മഹാപ്രസ്ഥാനത്തിന്റെ  അമരക്കാരൻ  വി. വിഷ്ണു നമ്പൂതിരിയുടെ  മുഖത്ത്  ഇന്നും  അതേ  ചിരിയുണ്ട്. വിജയത്തിന്റെ  ചിരി മാത്രമല്ലത്.  ലാളിത്യത്തിന്റെയും  സ്നേഹത്തിന്റെയും കരുണയുടേയും ഒരായിരം കിരണങ്ങൾ അലിഞ്ഞു ചേർന്ന ചിരി!
വിശ്വാസത്തിന്റെ മറുപേരായി ബ്രാഹ്മിൺസ്  മാറാൻ അധികകാലം വേണ്ടിവന്നില്ല.  33 വർഷംകൊണ്ട് ലോകത്തിലെ സസ്യാഹാരപ്രിയരുടെ രുചിയിടത്തിൽ ആഴത്തിൽ പതിഞ്ഞു ബ്രാഹ്മിൺസ്. ബ്രാഹ്മിൺസിന്റെ  വിജയത്തിന് പിന്നിൽ ആയിരങ്ങളുടെ  സ്നേഹമുണ്ട്, പരിശുദ്ധിയുടെ പുതുനിലാവുണ്ട്. വിശ്വാസത്തിന്റെ  വെൺമയുമുണ്ട്.
''ഭക്ഷണം  അത്രയും  പവിത്രമാണ്. സംശുദ്ധിയുടെ  കാര്യത്തിൽ  ഒരു വിട്ടുവീഴ്ചയ്ക്കും ഇതുവരെ  തയ്യാറായിട്ടില്ല. ഇനി മുന്നോട്ടും"" - പഴയ സംരംഭകന്റെ  ചുറുചുറുക്ക്  അന്യമായിട്ടില്ല എല്ലാവരുടേയും  പ്രിയപ്പെട്ട തിരുമേനിക്ക്.
സ്റ്റാർട്ട് അപ്പുകളുടെ തുടക്കക്കാരൻ
ന്യൂജെൻ  ലോകത്ത്  സ്റ്റാർട്ടപ്പുകൾ ട്രെൻഡിംഗാവുമ്പോൾ ഒരു പക്ഷേ, അതിന്റെയൊക്കെ  തുടക്കക്കാരനായിരുന്നു  പുതുക്കുളത്തുമന വിഷ്ണു നമ്പൂതിരി. ചെയ്യാത്ത  ബിസിനസുകളൊക്കെ കുറവ്. തേങ്ങക്കച്ചവടം, വെളിച്ചെണ്ണക്കച്ചവടം, ചെരിപ്പുകച്ചവടം... അങ്ങനെ  ഇരുപതിലേറെ  സംരംഭങ്ങൾ. ഓരോന്നും  പരാജയത്തിലേയ്ക്ക്  അടുക്കുമ്പോൾ പുതിയത്. നഷ്ടം സഹിച്ച്  ഒരു ബിസിനസും മുന്നോട്ട്  കൊണ്ടുപോകരുതെന്ന അടിസ്ഥാന പാഠത്തിന് ഇന്നും മാറ്റം വരുത്തിയിട്ടില്ല. പുതുതലമുറ സ്വന്തം ആശയം പ്രാവർത്തികമാക്കാൻ നഷ്ടത്തിൽ  മുന്നോട്ടു പോകുമ്പോൾ, ഒരു രൂപയെങ്കിലും കൈമോശം വരുമെന്ന്  തോന്നുമ്പോഴേ മറ്റൊന്നെന്ന ചിന്താഗതിക്കാരനായിരുന്നു  വിഷ്ണുനമ്പൂതിരി. അതുകൊണ്ട് ബിസിനസിൽ  ഒരിടത്തും കൈ  പൊള്ളിയിട്ടുമില്ല. 1987ലാണ്  കറിപ്പൗഡർ വ്യവസായത്തിലേയ്ക്ക്  തിരിഞ്ഞത്. അതും 800 രൂപ മുതൽ മുടക്കിൽ. അന്ന്  ഈ മേഖലയിൽ കുത്തകകളില്ല. നേരം പുലരുംവരെ  പൊടികൾ  പായ്ക്കറ്റുകളിൽ  നിറയ്ക്കും. രാവിലെ  പായ്ക്കറ്റുകൾ  കെട്ടിവച്ച  സൈക്കിളുമായി  തൊടുപുഴ നഗരത്തിലെ ഓരോ കടകളിലേയ്ക്കും. കാര്യമായ  ലാഭമില്ലെങ്കിലും  വൈകാതെ പ്രിയമേറി. തൊടുപുഴ മണക്കാട് കേന്ദ്രമാക്കി ബ്രാഹ്മിൺസ് ഫുഡ്സ് പ്രോഡക്ട് പിറന്നു. 35,000 രൂപ ലോണെടുത്ത് ഒരു ചെറു പൊടിയന്ത്രം സ്വന്തമാക്കി. രുചി ലോകത്തെ യാത്രയ്ക്ക്  ഇന്ധനമേകിയ  ഫ്ളവർമിൽ  തൊടുപുഴ ഓഫീസിലെ ചില്ലുകൂട്ടിൽ  അത്രയും  പവിത്രതയോടെ  കാത്തു സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആ  മില്ലിൽ പൊടിഞ്ഞുതിർന്ന  കറിക്കൂട്ടുകളാണ്  ബ്രാഹ്മിൺസിന്റെ  പെരുമയുടെ ആധാരം. കറി  പൗഡറും  അച്ചാർ  പൊടികളും വറ്റലും ബ്രാഹ്മിൺസിന്റെ  ബ്രാൻഡിൽ പിറന്നു. സൈക്കിൾ  മാറ്റി  സ്കൂട്ടറിലായി പിന്നീടുള്ള  കച്ചവടം. ഭാര്യ മഞ്ജരിക്ക്  തദ്ദേശ സ്വയംഭരണ വകുപ്പിലായിരുന്നു ജോലി. രാവിലെ  സ്കൂട്ടറിന്റെ പിന്നിലിരുത്തി  ഭാര്യയെ ജോലിക്ക്  അയയ്ക്കുമ്പോൾ  മുമ്പിൽ അറുപത് കിലോയുടെ പൊടികളുണ്ടാവും. വൈകിട്ട്  മടക്കി  വിളിക്കാൻ പോകുമ്പോഴും കിലോക്കണക്കിന്  പൊടികൾ  സ്കൂട്ടറിൽ കെട്ടിവയ്ക്കും. വന്ന വഴികളൊന്നും  മറന്നിട്ടില്ലെന്നതിന്റെ  ഏറ്റവും വലിയ തെളിവാണ് തൊടുപുഴ ഓഫീസ്. വളർച്ചയുടെ  നാഴികക്കല്ലുകൾ ഓഫീസ് ചുവരുകളിൽ  രേഖപ്പെടുത്തിവച്ചിട്ടുണ്ട്.

ലോകമറിയുന്ന  ബ്രാഹ്മിൺസ്
ഇന്ത്യയ്ക്ക്  പുറമേ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, കാനഡ, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലെ  അടുക്കളകളിലും ബ്രാഹ്മിൺസിന്റെ  രുചിവൈഭവം തൂകിത്തുളുമ്പുന്നുണ്ട്. വൈവിദ്ധ്യമുള്ള നൂറോളം ഉത്പന്നങ്ങൾ. ലോകമാകമാനമുള്ള 120 വിതരണക്കാരിലൂടെ പ്രതിവർഷം 7300  ടൺ ഭക്ഷ്യപദാർത്ഥങ്ങൾ എത്തിക്കുന്നു. 2006ൽ എം.ബി.എയ്ക്ക്  ശേഷം  വിഷ്ണുനമ്പൂതിരിയുടെ മകൻ ശ്രീനാഥ്  വിഷ്ണു എക്സിക്യൂട്ടീവ്  ഡയറക്ടറായി  ചുമതലയേറ്റതോടെയാണ്  കമ്പനി  പുതുവഴികളിലൂടെ  നീങ്ങിയത്. കാലത്തിന്  അനുസൃതമായ പ്രൊഫഷണൽ സമീപനം ഏറെ ഗുണപ്പെട്ടു. തൊടുപുഴയ്ക്ക് പുറമേ നെല്ലാടും കറി പൗഡർ യൂണിറ്റുണ്ട്. പൈങ്ങോട്ടൂരിൽ അത്യാധുനിക സംവിധാനങ്ങളുള്ള യൂണിറ്റ്  ഉടൻ ആരംഭിക്കും. മനുഷ്യകരസ്പർശമേൽക്കാതെ  ഭക്ഷണ പദാർത്ഥങ്ങൾ പുറത്തെത്തുമെന്നതാണ്  പ്രധാന പ്രത്യേകത.  ജപ്പാൻ  ടെക്നോളജിയിലാണ് പ്രവർത്തനം. എറണാകുളം പൂണിത്തുറയിൽ മാർക്കറ്റിംഗ്  ഓഫീസും സ്ഥിതിചെയ്യുന്നു. '' കുറച്ച്  ഭാഗ്യവും സമയം നോക്കാതെ  കഷ്ടപ്പെടാനുള്ള മനസുമുണ്ടെങ്കിൽ ഏത് ബിസിനസും  വിജയിക്കും. നന്നായി  ആലോചിച്ച്  പണമിറക്കണം. എടുത്തു ചാടി  എന്തെങ്കിലും ചെയ്താൽ അത് നഷ്ടത്തിന് കാരണമാകും""- പുതുതലമുറയ്ക്കുള്ള  വിഷ്ണുനമ്പൂതിരിയുടെ ഉപദേശമിതാണ്.
ഭാര്യാപിതാവിന്റെ  കൈപ്പുണ്യം
കറിപ്പൗഡറുകൾ  വിജയിച്ചതോടെയാണ് അച്ചാർ നിർമാണത്തിലേയ്ക്ക്  വിഷ്ണുനമ്പൂതിരി  കടക്കുന്നത്. അതിന് പ്രോത്സാഹനമായത് ഭാര്യാപിതാവ്  ഇലഞ്ഞി ആലപുരം  മഠത്തിൽ മന നാരായണൻ  നമ്പൂതിരിയാണ്. ഇല്ലത്തെ പ്രധാനവിഭവമാണ് അച്ചാറുകൾ. ഊണിന്  കാലമാകുമ്പോൾ വലിയ ഭരണിയിൽ വിവിധ അച്ചാറുകൾ അടുക്കിവച്ചിട്ടുണ്ടാവും. ഇല്ലത്തിനുള്ളിലെ  രുചിവൈഭവം  മാലോകർക്ക്  കൂടി പകരാനാണ്  അച്ചാർ യൂണിറ്റും തുടങ്ങിയത്. 

മായത്തോട്  നോ  കോംപ്രമൈസ്
ബ്രാഹ്മിൺസിന്റെ  അണിയറപ്രവർത്തകർ ഇന്നുവരെ കോംപ്രമൈസ് ചെയ്യാത്തത്  മായത്തോടാണ്. പരിശുദ്ധിയുടെ  കാര്യത്തിൽ  വിട്ടുവീഴ്ച ചെയ്തിട്ടുള്ള ലാഭം എത്രയായാലും അത്  വേണ്ടെന്നതാണ്  അടിസ്ഥാനതത്വം. അതിൽ  കടുകിട വിട്ടുമാറിയിട്ടില്ല. പരിശുദ്ധി  കാത്തുസൂക്ഷിക്കാനായി ലക്ഷങ്ങൾ  നഷ്ടപ്പെട്ട നിരവധി  സംഭവങ്ങളുമുണ്ട്. അതിലൊന്ന്  ഇങ്ങനെ. മാങ്ങാ അച്ചാർ  തയ്യാറാക്കി  വിവിധ ടെസ്റ്റുകളും പൂർത്തിയാക്കി വിതരണക്കാരിലേയ്ക്ക് എത്തിക്കാൻ  തുടങ്ങുമ്പോഴാണ്  അലിഞ്ഞു തുടങ്ങിയത് ശ്രദ്ധിച്ചത്. രുചിയിലും  ഗുണത്തിലും  ഒരു  പ്രശ്നവുമില്ലെങ്കിലും  അലിഞ്ഞ്  തുടങ്ങിയ മാങ്ങ  വിപണിയിലേക്ക്  അയയ്ക്കേണ്ടെന്നായിരുന്നു മാനേജ്മെന്റ്  തീരുമാനം. 8000  കിലോയടങ്ങുന്ന ബാച്ച്  മുഴുവൻ  പിൻവലിച്ചപ്പോൾ നഷ്ടം ഒമ്പതുലക്ഷം. പോയ ലക്ഷങ്ങൾ തിരിച്ചു പിടിക്കാം. പക്ഷേ, പെരുമ നഷ്ടപ്പെട്ടാൽ അത് എന്നും  കറുത്തപാടാകും. മാനേജ്മെന്റ്  നിലപാട് എന്നും ഇതാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് വാങ്ങി പ്രോസസ് ചെയ്തെടുക്കുകയാണ്  ബ്രാഹ്മിൺസിന്റെ രീതി. സ്വന്തം ലാബിലും പുറത്തെ  ലാബിലും ശാസ്ത്രീയ പരിശോധന നടത്തും. ലോറിയിൽ നിന്ന് തന്നെ നേരിട്ട്  കല്ലും  തവിടുമൊക്കെ സ്കാൻ ചെയ്ത് തിരിച്ചറിയാനുള്ള  വിപുലമായ പരിശോധനാ സംവിധാനവമുണ്ട്. വിദഗ്ദ്ധരായ 13 പേരടങ്ങുന്ന സംഘം രുചിച്ച് ഉറപ്പ്  നൽകിയാൽ മാത്രമേ  വിതരണത്തിന് അയയ്ക്കൂ. ബ്രാഹ്മിൺസിന്റെ  ഉത്പന്നങ്ങൾ  നൂറുശതമാനം  ശുദ്ധമാണെന്ന്  ലളിതവുമായി ഇങ്ങനെ മനസിലാക്കാം. ബ്രാഹ്മിൺസിന്റെ  മുളകുപൊടിയും മറ്റേതേങ്കിലും മുളകുപൊടിയും എടുത്ത് താരതമ്യം ചെയ്താൽ  നിറവും മണവും എരിവും  ബ്രാഹ്മിൺസിനാകുമെന്ന് ഉറപ്പാണ്.
ജീവനക്കാരാണ്  ജീവൻ
ജീവനക്കാരാണ് ബ്രാഹ്മിൺസിന്റെ അടിത്തറ. 280 പേരുണ്ട്. സമയം പോലും നോക്കാതെ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവരെ നന്ദിയോടെ  മാത്രമേ  ഓർക്കാൻ കഴിയൂ എന്ന്  വിഷ്ണു നമ്പൂതിരിയും ശ്രീനാഥ് വിഷ്ണുവും പറയുന്നു. ജീവനക്കാർ  കാട്ടുന്ന  സ്നേഹത്തിനും  ആത്മാർത്ഥതയ്ക്കും  മാനേജ്മെന്റിന്റെ  കരുതൽ തിരിച്ചുമുണ്ട്.  ഒരു പക്ഷേ,  മറ്റൊരു  സ്ഥാപനത്തിലുമില്ലാത്ത  നന്മ നിറഞ്ഞ കാഴ്ച.  ലാഭമെന്ന ഒറ്റലക്ഷ്യത്തിൽ  അമിതമായി  പണിയെടുപ്പിക്കുന്ന ന്യൂജനറേഷൻ  യുഗത്തിൽ  ബ്രാഹ്മിൺസിലെ  അന്തരീക്ഷം തികച്ചും  വ്യത്യസ്തമാണ്. കൊവിഡ്  കാലത്ത്  വിശ്രമമില്ലാതെ ജോലി  ചെയ്യാൻ  തയ്യാറായ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ കൂടുതൽ  വേതനം നൽകി ചേർത്തുനിറുത്തി.  ചെലവ് കൂടുതലെങ്കിലും  ജീവനക്കാരുടെ ഷിഫ്റ്റുകളും വർദ്ധിപ്പിച്ച് സാമൂഹിക അകലവും  ഉറപ്പാക്കി. ജോലിക്ക് കയറും മുമ്പ് കാന്റീനിലെ  ഗ്ലാസുകളിൽ ശുദ്ധമായ പാൽ  നിറഞ്ഞിരിക്കും. ആരോഗ്യവും പോഷകവുമുറപ്പാക്കാൻ  എല്ലാവരും  പാൽ കുടിക്കണമെന്നത് നിർബന്ധം. ഭക്ഷണവും  സൗജന്യം. ശമ്പളമടക്കം  മറ്റു ആനുകൂല്യങ്ങളും. ഇപ്പോൾ എല്ലാ  ജീവനക്കാരെയും വാഹനത്തിലാണ്  ജോലിക്ക് എത്തിക്കുന്നത്. പ്രതിരോധ മരുന്നുകൾ  നൽകി കൊവിഡിനെ  തടയാനുള്ള ശ്രമവും കൂടെയുണ്ട്. അവരുടെ ആരോഗ്യവും സന്തോഷവും  മാനേജ്മെന്റിന് അത്രമേൽ പ്രധാനമാണ്.
നന്മവഴികൾ അനവധി
വേനൽച്ചൂട്  വരവറിയിച്ചാൽ പിന്നെ തൊടുപുഴ ഓഫീസിന് മുന്നിലെ റോഡിൽ പച്ചമുളകും കറിവേപ്പിലയും ഉള്ളിയുമൊക്കെ ചേർത്തൊരുക്കിയ സംഭാരം വിതരണത്തിനുണ്ടാവും. എത്രവേണമെങ്കിലും കുടിക്കാം. തൊണ്ട വരണ്ട് എത്തുന്ന ലോറിക്കാരും യാത്രക്കാരും ഉള്ളു തണുപ്പിച്ച്  നന്ദിയോടെ നോക്കും. ആ നോട്ടത്തിൽ എല്ലാമുണ്ട്. കൊവിഡ്  കാലത്ത് നൻമ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നായിരുന്നു സേവന പ്രവർത്തനങ്ങൾ. ഭക്ഷ്യോത്പന്നങ്ങൾ, മരുന്നുകൾ എന്നിവ  സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എത്തിച്ചു. വയനാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി ടി.വികളും നൽകി. ഇനിയുള്ള സേവനപ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് രൂപീകരിക്കണമെന്ന വലിയൊരു സ്വപ്നവുമുണ്ട്. പാർശ്വവത്കരിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസം നൽകുകയാണ് പ്രധാന ലക്ഷ്യം.
അംഗീകാരങ്ങൾ  വാനോളം
2017ൽ  സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ  ഇതിനോടകം തേടിയെത്തിയിട്ടുണ്ട്. യു.കെ.പാർലമെന്റിലടക്കം പങ്കെടുക്കാനുള്ള അവസരം. ഒന്നേകാൽ നൂറ്റാണ്ടായി രാജ്യത്ത് പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ  ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) വൈസ് പ്രസിഡന്റാണ് മകൻ ശ്രീനാഥ്  വിഷ്ണു. എന്നാൽ ഇതിലൊക്കെ വലിയ അംഗീകാരം സാധാരണക്കാരുടെ സ്നേഹവും പിന്തുണയും!
ശ്രീനാഥ് വിഷ്ണുവിന്  പുറമേ കമ്പനി  ഡയറക്ടർമാരായ മകൾ സത്യ വിഷ്ണു നമ്പൂതിരിയും  മരുമക്കളായ അർച്ചന ശ്രീനാഥും ജിതിൻ ശർമയും സഹായത്തിനുണ്ട്. തിരക്കിട്ട ജീവിതത്തെ മനോഹരമാക്കുന്നത്  മുത്തച്ഛന്റെ പൊന്നാമനകളായ ശിവാനി ശ്രീനാഥിന്റേയും  മാനസി ശ്രീനാഥിന്റേയും റിദ്ധിമയുടേയും സ്നേഹസാമീപ്യവുമാണ്.