ചങ്ങനാശേരി: കൊവിഡ് ഭീതിയിൽ നാല് മാസം മുമ്പ് പൂട്ടുവീണു. പിന്നെ ആളുമില്ല അനക്കവുമില്ല. നഗരസഭയുടെ പൂവക്കാട്ടുചിറ പാർക്ക് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറാൻ പിന്നെന്തുവേണം. കാടുമൂടി പാർക്ക് നാശത്തിന്റെ വക്കിലെത്തിയെന്ന് പറയാം. കൊവിഡിന്റെ പശ്ചാത്തലത്തിൽ പാർക്കിന്റെ പ്രവർത്തനം നഗരസഭ നിറുത്തിവെയ്ക്കുകയായിരുന്നു. നിലവിൽ പാർക്ക് കുറ്റിച്ചെടികൾക്കൊപ്പം മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ്.
പാർക്ക് നടത്തിപ്പിലെ അപാകതകൾ സംബന്ധിച്ചും പരാതികളുണ്ട്. ഒരുമാസം ഒരുലക്ഷത്തി മൂവായിരം രൂപ വാടക നൽകണമെന്ന കരാർ വ്യവസ്ഥയിലാണ് കഴിഞ്ഞതവണ പാർക്ക് കരാറുകാരൻ ലേലം കൊണ്ടത്. എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭ്യമാകാത്തതിനെ തുടർന്ന് കരാറുകാരന് നഗരസഭയിൽ സമയബന്ധിതമായി കരാർതുക അടയ്ക്കാനായില്ല. ഇതേത്തുടർന്ന് നഗരസഭ പാർക്ക് നടത്തിപ്പുകാരന് നോട്ടീസ് നൽകുകയും കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു. കുറേക്കാലം നഗരസഭ നേരിട്ടു നടത്തിയിട്ടും പാർക്കിന്റെ തലവര മാറിയില്ല.
ബോട്ടിംഗ് വേണം
പാർക്ക് തുറന്നുകൊടുക്കുമ്പോൾ പൂവക്കാട്ടുചിറ കുളത്തിൽ സുരക്ഷാ ക്രമീകരണങ്ങളോടെ ബോട്ടിംഗിനുള്ള സംവിധാനം കൂടി ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പാർക്ക് തുറക്കാൻ ഇനിയും വൈകുമെന്ന് നഗരസഭാധികൃതർ പറഞ്ഞു.