കോട്ടയം : ആറുകളും തോടുകളും ശുദ്ധമാക്കിയും തരിശുഭൂമിയിൽ നൂറ് മേനി വിളയിച്ചും കോട്ടയത്ത് കാർഷിക മേഖലയിൽ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പദ്ധതിയിൽ കാൽ നൂറ്റാണ്ടിനിടയിൽ ആദ്യമായി വർഷകാല വിരിപ്പ് കൃഷിയ്ക്ക് വിത്തെറിഞ്ഞു. വർഷത്തിൽ ഒരു കൃഷിയായിരുന്നു. പുഞ്ചനെൽക്കൃഷി. ഇത് കൂടാതെ വർഷകാല വിരിപ്പു കൃഷിയ്ക്ക് നാട്ടകം കൃഷിഭവന്റെ കീഴിലുള്ള തൈങ്ങനാടി പാടശേഖരത്തിൽ 90 ഏക്കറിൽ ഇന്നലെ വിത്തെറിഞ്ഞു. കൊടൂരാറിന്റെ തീരത്തുള്ള തോടുകൾ പ്രളയരഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി സി.എംഡി ആർ.എഫ് ഫണ്ട് ഉപയോഗിച്ച് തെളിച്ചെടുത്തതോടെയാണ് രണ്ടാം കൃഷിക്കായി കർഷകർ മുന്നോട്ടുവന്നത്. 90 ഏക്കർ വിസ്തീർണമുള്ള തെങ്ങനാടി പാടത്തിനൊപ്പം 310 ഏക്കർ വിസ്തൃതിയുള്ള ഗ്രാവ് പാടത്തും രണ്ടാംകൃഷിയ്ക്കായി കർഷകർ മുന്നോട്ടുവന്നിട്ടുണ്ട്.
വിത ഉദ്ഘാടനം നദീപുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് സി.ജി രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് എക്സി.എൻജിനിയർ ആർ.സുശീല, എ.എക്സി ബിനു ജോസ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ , നാട്ടകം കൃഷി ഓഫീസർ വൈശാഖി, ബി.ശശികുമാർ, കെ.ജി.ഗിരീഷ് കുമാർ, മുഹമ്മദ് സാജിദ്, കെ.എം.സിറാജ് എന്നിവർ പങ്കെടുത്തു.
ജനകീയ കൂട്ടായ്മയ്ക്ക് തുടക്കം 2017ൽ
2017 ആഗസ്റ്റ് 28 നാണ് ജാതി-മത രാഷ്ട്രീയത്തിനതീതമായ ജനകീയ കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കമിട്ടത്. ഹരിത കേരളത്തിന്റെ വീണ്ടെടുപ്പിൽ അത് വൻ കുതിപ്പേകി. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കിയതോടെ 4500 ഏക്കർ നെൽപ്പാടങ്ങളിൽ കൃഷിയാരംഭിച്ചത് സംസ്ഥാനത്തെ മികച്ച നേട്ടമായി.
തെളിച്ചെടുത്തത് 1500 കി.മീ തോട്
ആറുകളിലും തോടുകളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ജനപങ്കാളിത്തത്തത്തോടെ നീക്കം ചെയ്തു. ഇതിനകം 1500 കി. മീറ്റർ തോടുകൾ തെളിച്ചെടുത്തു. മാലിന്യങ്ങൾ മാറിയതോടെ ഒഴുക്കായി. ആഴം കൂടിയതോടെ രണ്ടു മഴ പെയ്താൽ വെള്ളം പൊങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമായി. പ്രളയ രഹിത കോട്ടയമെന്ന ലക്ഷ്യത്തിലേക്കും ഇത് വഴിതെളിച്ചു. കാലവർഷമാരംഭിച്ചിട്ടും ഇതുവരെ കോട്ടയത്ത് വെള്ളം പൊങ്ങാതിരുന്നതിന് വഴിയൊരുക്കിയത് ആദ്യനേട്ടങ്ങളിലൊന്നായെന്നും പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ .അനിൽകുമാർ പറഞ്ഞു.