ration

കോട്ടയം : റേഷൻകാർഡ് ഇല്ലാത്തവർക്കും സ്ഥാപനങ്ങളിലെ റേഷൻകാർഡുകളിൽ ഉൾപ്പെടാത്തവർക്കും ദുർബല വിഭാഗങ്ങളിൽപ്പെടുന്നവർക്കും ജൂൺ, ജൂലായ് മാസങ്ങളിലെ ഭക്ഷ്യധാന്യങ്ങൾ 31 വരെ സൗജന്യമായി വിതരണം ചെയ്യും. ജില്ലയിൽ താമസിക്കുന്ന കാർഡ് ഇല്ലാത്തവർ, അന്യസംസ്ഥാന തൊഴിലാളികൾ, വൃദ്ധമന്ദിരങ്ങൾ, ആരാധനാലയങ്ങൾ, മഠങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ റേഷൻകാർഡുകളിൽ ഉൾപ്പെടാത്തവർ, സ്ഥിരതാമസ സൗകര്യമില്ലാത്ത നിരാശ്രയർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക.

ഒരുമാസം ഒരാൾക്ക് അഞ്ചുകിലോ അരിയും ഒരു കിലോഗ്രാം കടലയും എന്ന നിരക്കിൽ രണ്ടു മാസത്തേയ്ക്ക് പത്തു കിലോഗ്രാം അരിയും രണ്ട് കിലോഗ്രാം കടലയും ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമാണ് നൽകുന്നത്. ഈ പദ്ധതിയിൽ മേയ്, ജൂൺ മാസങ്ങളിലെ ഭക്ഷ്യവിഹിതം കൈപ്പറ്റാത്തവർക്ക് മാത്രമാണ് ലഭിക്കുക.

ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരോ വ്യക്തികൾ നേരിട്ടോ സന്നദ്ധ പ്രവർത്തകർ മുഖേനയോ വിവരങ്ങൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാർക്ക് നൽകണം. ഗ്രാമപഞ്ചായത്തുകളുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും മേൽനോട്ടത്തിൽ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.