ഈരാറ്റുപേട്ട: കൊവിഡ് ബാധിതനുമായുള്ള ജീവനക്കാരന്റെ സമ്പർക്കത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോ നഗരസഭ ഇടപെട്ട് രണ്ട് മണിക്കൂറിന് ശേഷം തുറപ്പിച്ചു. കഴിഞ്ഞ ദിവസം കൊവിഡ‌് സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരൻ ഈരാറ്റുപേട്ടയിൽ നിന്നും കോട്ടയം കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ കോട്ടയത്ത് നിന്നും പാലായിലേയ്ക്ക് യാത്ര ചെയ്തിരുന്നു. ഇതേതുടർന്ന് ബസിലെ കണ്ടക്ടർ കൊവിഡ് ബാധിതനുമായി സമ്പർക്കത്തിലായിരുന്നു. ഈ കണ്ടക്ടറുമായി ഇടപഴകിയതിനെ തുടർന്ന് ഡിപ്പോയിലെ 18 ജീവനക്കാർ ക്വാറന്റൈനിൽ പോയതോടെ ഡി.റ്റി.ഒ ഡിപ്പോ അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഡിപ്പോ പൂട്ടുന്നതോടെ യാത്രാക്ലേശം രൂക്ഷമാകുമെന്ന സാഹചര്യം കണക്കിലെടുത്താണ് നഗരസഭ വിഷയത്തിൽ ഇടപെട്ടത്. മുനിസിപ്പൽ ചെയർമാൻ നിസാർ കുർബാനിയുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കമ്മറ്റി മീനച്ചിൽ തഹസിൽദാറുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഡിപ്പോ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചത്. തുടർന്ന് ബസുകളും ഡിപ്പോയും അണുമുക്തമാക്കിയതിന് ശേഷം പതിവുപോലെ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.