നഗരസഭയിലെ ഒരു ജീവനക്കാരന്റെ കൂടി സ്രവം പരിശോധനയ്ക്കെടുത്തു
പാലാ : പാലാ നഗരസഭയിലെ ജീവനക്കാരന് കൊവിഡ്19 രോഗം ബാധിച്ചത് സംബന്ധിച്ച് ആശങ്കകൾ ഒഴിയുന്നില്ല. മുൻകരുതലും പ്രതിരോധവുമായി ആരോഗ്യവകുപ്പും നഗരസഭയും മുന്നോട്ടുപോകുമ്പോഴും ആശങ്കയുണർത്തുന്ന സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ഒരു ജീവനക്കാരൻ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ഇയാളുടെ സ്രവം ഇന്നലെ പരിശോധനയ്ക്കെടുത്തു. അതേസമയം കഴിഞ്ഞ ദിവസം സ്രവപരിശോധനയ്ക്ക് വിധേയനായ ജീവനക്കാരന് കൊവിഡില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റവന്യൂ വിഭാഗം ജീവനക്കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ച് ഫലം ലഭിച്ചത്. ഇതോടെ നഗരസഭാ കാര്യാലയം താത്കാലികമായി അടച്ച് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കി. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമാണ് ജീവനക്കാർക്ക് ഓഫീസിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
തലവേദനയും ജലദോഷവും അനുഭവപ്പെട്ടതോടെയാണ് ആരോഗ്യവിഭാഗത്തിലെ ജീവനക്കാരനെ ഇന്നലെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്. പാലാ ജനറൽ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിലാണ് പരിശോധനയ്ക്കായി സ്രവം നൽകിയിരിക്കുന്നത്.
ആദ്യ കൊവിഡ് ബാധിതന്റെ സമ്പർക്ക പട്ടിക വിപുലമാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. അതേസമയം ഇയാൾ കോട്ടയം ഭാഗത്തേക്കും തിരിച്ച് ഓഫീസിലേക്കും സഞ്ചരിച്ച ബസുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തുന്നതിന് ജില്ലാ ഭരണകൂടം നടപടികളാരംഭിച്ചിട്ടുണ്ട്. യാത്രചെയ്ത സമയവും ബസിന്റെ വിവരങ്ങളും സോഷ്യൽമീഡിയകൾക്കും മറ്റും നൽകിയിട്ടുണ്ട്. രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവർക്ക് ബന്ധപ്പെടാനുള്ള നമ്പരുകളും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. 1077 എന്ന ഹെൽപ്പ് ലൈൻ നമ്പരിലും ബന്ധപ്പെടാം.
18ന് രാവിലെ 10 മുതൽ രോഗം സ്ഥിരീകരിച്ച നഗരസഭാ ജീവനക്കാരനുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട 20 പേരുടെ സ്രവ പരിശോധന നടത്തുന്നതിന് നടപടികൾ പൂർത്തിയായതായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടവരെ നേരിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.
ബോധവത്ക്കരണം
പാലാ : കൊവിഡ് ബാധിച്ച നഗരസഭാ ജീവനക്കാരൻ നഗരത്തിൽ പലയിടങ്ങളിലായി എത്തിയെന്ന് കണ്ടെത്തിയതോടെ രോഗപ്രതിരോധത്തിന് ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പ് അധികൃതർ. മുനിസിപ്പൽ കൗൺസിലർമാർക്കായി ഇന്നലെ പ്രത്യേക ഓൺലൈൻ ക്ലാസ് നടത്തി. എൻ.ആർ.എച്ച്.എം പരിശീലക ഡിനു ജോയിയാണ് ക്ലാസ് നയിച്ചത്. എല്ലാ മുനിസിപ്പൽ കൗൺസിലർമാരും ക്ലാസിൽ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ നിഗമനം അനുസരിച്ച് 56 ദിവസം മുതൽ രോഗലക്ഷണം കണ്ടുതുടങ്ങുമെന്ന് പരിശീലക ഡിനു ജോയി പറഞ്ഞു.14 ദിവസം വരെ രോഗാണുക്കൾ ശരീരത്തിലുണ്ടാവും. ജലദോഷ പനിയാണ് ആദ്യലക്ഷണം. കഫമില്ലാത്ത ചുമ, ക്ഷീണം, ശ്വാസം മുട്ടൽ, ദേഹത്ത് വേദന എന്നിവ കൂടാതെ പുതിയ ലക്ഷണമായി വയറിളക്കവും കണ്ടുവരുന്നുണ്ട്.
പുറത്തു പോകുമ്പോൾ മോതിരം, വാച്ച്, വള എന്നിവ ഉപയോഗിക്കരുത്. അണുക്കൾ ഇവയിൽ പറ്റിപ്പിടിച്ചിരുന്ന് രോഗം വരുത്തുകയോ, പരത്തുകയോ ചെയ്യാം. ആൽക്കഹോൾ ഉൾപ്പെട്ട സാനിറ്റൈസർ മാത്രം ഉപയോഗിക്കുക. ഒരു മണിക്കൂർ വീതം സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് രോഗ സാധ്യത കുറയ്ക്കും. വ്യക്തി ശുചിത്വം പരമപ്രധാനമാണ്. കൈകൾ ശുചീകരിക്കുന്ന ഡെമോകളോടെയാണ് ക്ലാസുകൾ നടന്നത്. അടുത്തദിവസങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കായി ഓൺലൈൻ ക്ലാസ് നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.