കോട്ടയം : ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ മിന്നുന്ന വിജയം. കൊവിഡ് ഉയർത്തിയ പ്രതിസന്ധിയ്ക്കിടയിലും ജില്ല - സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തെത്തി. 87.73 ആണ് വിജയ ശതമാനം. 133 സ്‌കൂളുകളിൽ പരീക്ഷയെഴുതിയ 21392 വിദ്യാർത്ഥികളിൽ 18768 പേരും ഉപരിപഠനത്തിന് അർഹത നേടി. 1386 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷ എഴുതിയ 78 പേരിൽ 63 പേരും ഉപരിപഠനത്തിന് അർഹതനേടി. 80.77 ശതമാനമാണ് വിജയം. ഒരാൾക്ക് പോലും എല്ലാവിഷയത്തിനും എ പ്ളസ് നേടാനിയില്ല. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 771 പേർ പരീക്ഷയെഴുതിയതിൽ 461 പേർ മാത്രമാണ് വിജയിച്ചത്. വിജയ ശതമാനം 59.79. രണ്ട് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.