കോട്ടയം : കൊവിഡ് കാലത്ത് മറ്റ് ജില്ലകളിൽ പാൽ ഉത്പാദനവും വില്പനയും കറഞ്ഞപ്പോൾ ജില്ലയിൽ ക്ഷീരസമൃദ്ധിയാണ്. ഉത്പാദനം അയ്യായിരം ലിറ്ററിലേറെ കൂടിയപ്പോൾ ഉപഭോഗവും കൂടി. അന്യജില്ലകളിൽ നിന്ന് എത്തിച്ചാണ് ആവശ്യം നിറവേറ്റുന്നത്. മറ്റ് ജില്ലകളിൽ പാൽ കെട്ടിക്കിടക്കുന്നതിനാൽ കോട്ടയത്തേയ്ക്ക് ആവശ്യമായ പാലിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ല. കൊവിഡ് കാലത്ത് മറ്റ് വരുമാനമാർഗമെന്ന നിലയിൽ വ്യാപകമായി പശുവളർത്തൽ ആരംഭിച്ചിട്ടുണ്ടെന്നാണ് മിൽമയുടെ കണക്ക് കൂട്ടൽ.
മുൻപ് ചായക്കടകളിലും ഹോട്ടലുകളിലും വീടുകളിൽ നിന്ന് പാൽ നൽകിയിരുന്നു. പലഹോട്ടലുകളും അടഞ്ഞതിനാൽ ഈ പാലും മിൽമ സ്റ്റോറുകളിലാണ് വിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം വീട്ടിലെ ഉപയോഗം കുറച്ച് പരമാവധി പാൽ വിൽക്കുന്ന ക്ഷീരകർഷകരുമുണ്ട്. പാൽവില്പനയും വർദ്ധിച്ചതോടെ പ്രതിദിനം 25000- 5000 രൂപയുടെ അധിക വരുമാനവും മിൽമയ്ക്ക് ലഭിക്കുന്നുണ്ട്. ലോക് ഡൗണിന്റെ വരവോടെ ജില്ലയിൽ മിൽമ പാൽ വില്പന 25000 ലിറ്ററായി കുറിഞ്ഞിരുന്നു. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ 65000 ലിറ്റർ വരെയായി ഉപയോഗം ഉയർന്നു. പ്രതിദിന പാൽ കളക്ഷൻ മുൻപ് 40,000 ലിറ്ററായിരുന്നു. ഇപ്പോഴത് 47,000 ലിറ്റർവരെയായി.
ചെലവ് 65000 ലിറ്റർ വരെ
മുൻപ് 60,000 ലിറ്റർ പാൽ വേണ്ടിയിരുന്ന ജില്ലയിൽ ഇപ്പോഴിത് 65000ത്തിനും മുകളിലായി. പ്രതിദിന വരുമാനം 2.80 ലക്ഷമായിരുന്നത് 3.25 ലക്ഷം വരെ ഉയർന്നു.
'' മറ്റ് വരുമാനം നിലച്ചതോടെ കൊവിഡ് കാലത്ത് ജില്ലയിൽ പശുവളർത്തൽ വ്യാപകമാക്കിയിട്ടുണ്ട്. അതിന്റെ ഗുണമാണ് മിൽമയ്ക്കുമുണ്ടായത്. ഉത്പാദനം കൂടിയതിനൊപ്പം ഡിമാൻഡും കൂടിയതിനാൽ മറ്റ് ഡയറികളിൽ നിന്ന് കൂടി പാൽ ശേഖരിക്കുകയാണ്
മിൽമ അധികൃതർ