കോട്ടയം: ഒറിജിനലിനെ വെല്ലുന്ന നാടൻ തോക്കും റിവോൾവറും ആലയിൽ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ പിടിച്ചെടുത്ത സാധനങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിന് കൈമാറി. തോക്കിന്റെ കുഴലുകളും പാത്തികളും തിരകളുമാണ് പ്രധാനമായും പരിശോധനയ്ക്കായി അയച്ചത്. ഇതിനോടകം തോക്ക് നിർമ്മിച്ചവരും വിറ്റഴിക്കാൻ ഇടനില നിന്നവരും തോക്ക് വാങ്ങിയവരും അടക്കം 16 പേർ അറസ്റ്റിലായി. ഇതിൽ രണ്ടു പേർ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സന്തോഷ് കുമാർ വ്യക്തമാക്കി.
പള്ളിക്കത്തോട് ആനിക്കാട് അമ്പഴത്തുംകുന്ന് ഗായത്രി എൻജിനീയറിംഗ് വർക്സ് എന്ന പേരിലുള്ള നാടൻ ആലയിൽ ആണ് തോക്ക് നിർമ്മാണം നടന്നിരുന്നത്. പാതിരാത്രിയിൽ തോക്ക് നിർമ്മിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പിയും സംഘവും റെയ്ഡിനെത്തിയത്. ആല നടത്തിപ്പുകാരൻ പള്ളിക്കത്തോട് കൊമ്പിലാക്കൽ ബിനേഷ് കുമാർ (43), ആനിക്കാട് തട്ടാംപറമ്പിൽ രാജൻ (46), മനേഷ് കുമാർ (43) എന്നിവരെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ വെടിയുണ്ടകൾ, പാത്തി നിർമ്മാണത്തിനായി വച്ചിരുന്ന ചന്ദനത്തടി, വെടിമരുന്ന്, തോക്കിന്റെ ബാരൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കുഴൽ എന്നിവ കണ്ടെത്തി.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗുണ്ടാ സംഘങ്ങൾക്ക് പ്രതികൾ തോക്കുകൾ കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തോക്ക് വാങ്ങിയ ആളുകളെ കണ്ടെത്തിയാണ് തോക്കുകൾ പിടിച്ചെടുത്തത്. ഇവരിൽ നിന്നും തോക്ക് വാങ്ങിയ പീരുമേടിലെ ജയിൽ വാർഡൻ മുണ്ടത്താനം മുള്ളുവയലിൽ സ്വദേശി സ്റ്റാൻലി എം ജോൺസൺ, ഇയാളുടെ സുഹൃത്ത് റാന്നി സ്വദേശി ജേക്കബ് മാത്യു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാൻലിയുടെ വീട്ടിൽ നിന്ന് റിവോൾവറും, മാത്യുവിന്റെ വീട്ടിൽ നിന്ന് നാടൻ തോക്കും പിടിച്ചെടുത്തു. അയൽ ജില്ലകളിലും തോക്ക് വിറ്റഴിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകളും ജീവനക്കാരും തോക്കുകൾ വാങ്ങിയിട്ടുണ്ട്.
മൃഗവേട്ടയ്ക്കായിട്ടാണ് തോക്കുകൾ ഇവർ വാങ്ങിയിരുന്നത്. തോക്ക് നിർമ്മാണ സംഘത്തിന് വെടിമരുന്ന് നൽകിയ പള്ളിക്കത്തോട് സ്വദേശി തോമസ് മാത്യുവും റിമാൻഡിലാണിപ്പോൾ. പള്ളിക്കത്തോട്ടിലെ ആലയിൽനിന്ന് നൂറിലേറെ തോക്കുകൾ നിർമ്മിച്ച് വിറ്റിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. 12,000 രൂപയ്ക്കാണ് നാടൻ തോക്ക് വിറ്റിരുന്നത്. റിവോൾവറിന് 25,000 രൂപയാണ് വില. ഒറിജിനലിനെ വെല്ലുന്നതാണ് റിവോൾവർ.