കോട്ടയം: 76 ാം വയസിലും പാരമ്പര്യവും പകിട്ടും കൈവിട്ട് കളയാനാവില്ല, പാക്കനാരുടെ പിന്മുറക്കാരിയായ മാമ്മൂട് സ്വദേശി തങ്കമ്മയ്ക്ക്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇക്കുറിയും മുറവും കൊട്ടയും മറ്റുമായി തങ്കമ്മ പാക്കിൽ ക്ഷേത്ര മൈതാനത്ത് എത്തി, കർക്കടകം ഒന്നായ ഇന്നലെ പാക്കിൽ സംക്രമത്തിന്റെ പതിവ് ചടങ്ങിന്. നൂറുകണക്കിന് കച്ചവടക്കാരും ആയിരക്കണക്കിനു ഭക്‌തരും എത്തിയിരുന്ന പാക്കിൽ ക്ഷേത്ര മൈതാനത്ത് ഇന്നലെ തങ്കമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ചടങ്ങ് മാത്രമാണെങ്കിലും, പതിവ് പോലെ പതിനഞ്ച് ദിവസം ക്ഷേത്ര മൈതാനത്ത് ഉണ്ടാകുമെന്ന് തങ്കമ്മ പറഞ്ഞു.
13 ാം വയസിലാണ് പിതാവിന്റെ കൈപിടിച്ച് തങ്കമ്മ ആദ്യമായി പാക്കിൽ എത്തുന്നത്. മുറവും കൊട്ടയും നെയ്യാൻ ഇപ്പോൾ മകളുടെ സഹായവുമുണ്ട്.
തങ്കമ്മയെ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി മഹേഷ് മറിയപ്പള്ളിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നെ മൈതാനത്ത് കൊട്ടയും വട്ടിയുമൊക്കെ നിരത്തി.
പാക്കിൽ ക്ഷേത്രത്തിനു എതിർവശത്തെ മൈതാനത്താണ് കർക്കടകം ഒന്നു മുതൽ പാക്കിൽ സംക്രമവാണിഭം നടക്കുന്നത്. തെക്കുംകൂർ രാജാവിന്റെ കാലത്ത് പടയാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭ്യാസ പ്രകടനം നടന്നിരുന്നത് ഈ മൈതാനത്തായിരുന്നു. ഈ ഓർമ്മ നിലനിർത്താൽ ഉത്സവ സമയത്ത് ഒരു ദിവസം ഈ മൈതാനത്ത് കളരിപ്പയറ്റ് പ്രദർശനവും നടത്തുന്നുണ്ട്.
പാക്കനാരുടെ പാരമ്പര്യം
പരശുരാമൻ പ്രതിഷ്‌ഠ നിർവഹിച്ച ക്ഷേത്രമെന്ന ഐതീഹ്യമാണ് പാക്കിൽ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിനുള്ളത്. പ്രതിഷ്‌ഠ നടത്തുന്നതിനിടെ വിഗ്രഹം ഉറയ്‌ക്കാതെ വന്നു. ഈ സമയത്താണ് പാക്കനാർ മുറം വിൽക്കാനായി അതുവഴി എത്തിയത്. പാക്കനാർ ഇവിടെ പാർക്ക് എന്നു പറഞ്ഞ് വിഗ്രഹത്തിൽ അമർത്തി. ഇതോടെ വിഗ്രഹം ഉറച്ചു എന്നതാണ് ഐതീഹ്യം. ഇതിനു ശേഷമാണ് സ്ഥലത്തിനു പാക്കിലെന്ന പേരുണ്ടായതെന്നും പറയുന്നു.