കോട്ടയം:സാധാരണക്കാരന്റെ വിശപ്പകറ്റാൻ ജില്ലയിൽ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾ സൂപ്പർ ഹിറ്റായി. കൊവിഡ് കാലത്ത് വിലക്കുറവിൽ ഉച്ചയൂണ് നൽകുമ്പോൾ സാധാരണക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ 38 ജനകീയ ഹോട്ടലുകളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ആരംഭിച്ചത്.
ദിവസം ശരാശരി 150 പേർക്ക് വരെയുള്ള ഉച്ചയൂണ് 20 രൂപ നിരക്കിൽ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നുണ്ട്. ഒഴിച്ചു കറിയും തോരനും അച്ചാറും പപ്പടവും ഉൾപ്പെടെയുള്ള നാടൻ ഊണാണ് വിളമ്പുന്നത്. സ്പെഷ്യലുണ്ടെങ്കിലും വേറെ പണം നൽകണം. പ്രഭാത ഭക്ഷണവും കടികളും ചായയുമുണ്ടെങ്കിലും ഊണിന് മാത്രമാണ് വിലക്കുറവ്. ഓരോ ഊണിനും 10 രൂപ നിരക്കിൽ ഹോട്ടൽ സംരംഭകർക്ക് കുടുംബശ്രീ ജില്ലാ മിഷനിൽ നിന്ന് ലഭിക്കും. സിവിൽ സപ്ലൈസിൽ നിന്ന് കിലോയ്ക്ക് 10. 90 രൂപ നിരക്കിൽ ഒരുമാസം 600 കിലോ വരെ അരി നൽകുന്നുണ്ട്. മറ്റ് ധാന്യങ്ങൾ മൊത്തവ്യാപാര നിരക്കിലും ലഭിക്കും. ഹോർട്ടികോർപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്നാണ് പച്ചക്കറിയും മറ്റും വാങ്ങുന്നത്. ഹോട്ടലിലേക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, കെട്ടിട സൗകര്യങ്ങൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്തു നൽകിയിട്ടുണ്ട്.
50,000 രൂപ റിവോൾവിംഗ് ഫണ്ട്
ജില്ലാ മിഷൻ റിവോൾവിംഗ് ഫണ്ടിൽ നിന്ന് 50,000 രൂപ നൽകും. ഹോട്ടലിലേയ്ക്ക് ഫർണിച്ചർ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങിക്കാനുള്ള പണവും ഇതിൽ നിന്നെടുക്കാം. ഓരോ ഹോട്ടലിലും 3 മുതൽ 10 വരെ ജീവനക്കാരാണുള്ളത്. കൊവിഡ് രണ്ടാം ഘട്ടത്തിൽ സമൂഹ അടുക്കളകളായി പ്രവർത്തിച്ച പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ കഫേകളാണ് ജനകീയ ഹോട്ടലുകളാക്കി മാറ്റിയത്.
5നഗരസഭകളിലും 33 പഞ്ചായത്തുകളിലും
'' തുടക്കമെന്ന നിലയിൽ ജനകീയ ഹോട്ടലിന് മികച്ച പ്രതികരണമാണ്. കുടുംബശ്രീ പ്രവർത്തകർക്ക് വരുമാനത്തിനൊപ്പം സാധാരണക്കാർക്ക് കുറഞ്ഞകാശിന് നല്ല ഭക്ഷണം നൽകുകയാണ് ലക്ഷ്യം''
കുടുംബശ്രീ അധികൃതർ