car

കോട്ടയം: മലയാള സിനിമയുടെ പിതാവായി വാഴ്ത്തപ്പെടുന്ന ജെ.സി ഡാനിയലിന്റെ പ്രതിമ സ്ഥാപിക്കാൻ ഇടം ലഭിക്കാതെ ഒരു വർഷത്തോളമായി പടുതയിട്ട് മൂടിക്കെട്ടി വച്ചിരിക്കുന്നു !

ഒരു വർഷം മുമ്പ് ലോറിയിൽവച്ചാണ് പി.സി.ജോർജ് എം.എൽ.എ പ്രതിമ അനാച്ഛാദനം ചെയ്തത്. കോട്ടയത്ത് റോഡ് ഷോ നടത്തിയതോടെ പല നേതാക്കളും വാഗ്ദാനങ്ങൾ ചൊരിഞ്ഞെങ്കിലും പ്രതിമ വയ്ക്കുന്നതിനുള്ള സ്ഥലം ലഭിച്ചില്ല. ഇതോടെയാണ് കോട്ടയത്ത് ഒരു ഓഡിറ്റോറിയത്തിൽ പൊതിഞ്ഞു വച്ചത്. മലയാളത്തിലെ ആദ്യ നിശബ്ദചിത്രമായ 'വിഗതകുമാരൻ' ഫിലിം റോൾ ജെ.സി.ഡാനിയൽ സൂര്യപ്രകാശത്തിൽ നോക്കുന്നതാണ് ശിൽപ്പി ആർട്ടിസ്റ്റ് ഷാജി വാസൻ രൂപകൽപ്പന ചെയ്ത പ്രതിമ .

ജെ.സി.ഡാനിയലിന്റെ പിതാവ് ജ്ഞാനാഭരണത്തിന്റെ ജന്മദേശം ചങ്ങനാശേരിയിലാണെന്നും സംസ്കരിച്ചത് സി.എസ്.ഐ പള്ളിയിലാണെന്നും ഫൗണ്ടേഷൻ സാരഥി അനസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയതോടെ ഡാനിയൽ ബാല്യകാലം ചെലവഴിച്ച ചങ്ങനാശേരിയിൽ പ്രതിമ സ്ഥാപിക്കാൻ നഗരസഭാ അധികൃതരുടെ സഹായം തേടിയെങ്കിലും തീരുമാനമായില്ല. കൊവിഡുമെത്തിയതോടെ എല്ലാം സ്തംഭനത്തിലായി.

ഒമ്പതടി പൊക്കം വരുന്ന കോൺക്രീറ്റ് പ്രതിമ സ്ഥാപിക്കാൻ ഇടംതേടി മകൻ ഹാരീസ് ഡാനിയലും കുടുംബവും പലവട്ടം ശ്രമം നടത്തി . ചിത്രഞ്ജലി സ്റ്റുഡിയോ, ചലച്ചിത്ര അക്കാഡമി , പുതുപ്പള്ളി കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ല . ഡാനിയൽ തമിഴ്നാട്ടിൽ ജനിച്ചതിനാൽ കേരളത്തിൽ ആർക്കും താത്പര്യമില്ല. ഒറ്റ സിനിമകൊണ്ട് സാമ്പത്തികമായി തകർന്ന ഡാനിയൽ 1975ലാണ് മരിച്ചത്. 1992ൽ സംസ്ഥാന സർക്കാർ മലയാളസിനിമയുടെ പിതാവായ് അംഗീകരിച്ചാണ് ജെ.സി. ഡാനിയൽപുരസ്കാരം ഏർപ്പെടുത്തിയത്.

' പടുതയിൽ പൊതിഞ്ഞ നിലയിൽ ഓഡിറ്റോറിയത്തിലെ ഇരുട്ടു മുറിയിൽ ഒരു വർഷത്തോളമായി ജെ.സി .ഡാനിയൽ പ്രതിമ ഇരിക്കുന്നത് കാണുക ശിൽപ്പിയെന്ന നിലയിൽ മനപ്രയാസമുണ്ടാക്കുന്നു. മലയാള സിനിമയുടെ പിതാവിനെക്കുറിച്ച് പുതിയ തലമുറയെ ഓർമ്മപ്പെടുത്താനുള്ള പ്രതിമയ്ക്ക് ഒരു തുണ്ടു ഭൂമി ഇനിയുംകണ്ടെത്താനാവാത്തത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.

ആർട്ടിസ്റ്റ് ഷാജി വാസൻ (ശിൽപി )