subhash

ചങ്ങനാശേരി: കൊവിഡിനെത്തുടർന്ന് കായൽ, കടൽ മീനുകൾക്ക് ക്ഷാമം അനുഭവപ്പെടുന്ന ഇക്കാലത്ത് നല്ല പെടക്കണ മീൻ കിട്ടുന്ന ഒരിടമുണ്ട്, ചങ്ങനാശേരിയിൽ. നാൽക്കവലയിൽ എ.ജി സദനത്തിൽ സുഭാഷ് ചന്ദ്രന്റെ ഫാം. മലേഷ്യൻ വാള, കരിമീൻ, തിലോപ്പിയ, കാരി എന്നിവയാണ് നിലവിൽ ഫാമിലുള്ളത്.

തടിമില്ല് ബിസിനസ് നടത്തുന്ന സുഭാഷ് 15 വർഷം മുൻപാണ് തൃക്കൊടിത്താനം നാൽക്കവലയിൽ പാറക്കുളത്തോടുകൂടിയ സ്ഥലം സ്വന്തമാക്കുന്നത്. കുളം ഉപയോഗശൂന്യമാകേണ്ടെന്ന് കരുതി ബ്ലോക്കിൽ ജോലി ചെയ്യുന്ന ബന്ധുവിന്റെ നിർദേശപ്രകാരം 500 രൂപയ്ക്ക് കട്‌ല, കരിമീൻ, പള്ളത്തി എന്നീ മീൻകുഞ്ഞുങ്ങളെ വാങ്ങി കുളത്തിലിട്ടു. മകൻ സൂരജാണ് വേണ്ട കാര്യങ്ങളൊക്കെ സംഘടിപ്പിച്ചത്. മത്സ്യകൃഷി മെച്ചപ്പെട്ടതോടെ സമ്മിശ്രമായി കോഴി വളർത്തലും താറാവ് വളർത്തലും ആരംഭിച്ചു. എന്നാൽ ആകസ്മികമായി മകൻ സൂരജിന്റെ മരണത്തെ തുടർന്ന് മത്സ്യകൃഷി സ്തംഭിച്ചു. സുഭാഷ് തടിമിൽ ബിസിനസിൽ മാത്രം ഒതുങ്ങി.

എന്നാൽ കൊറോണയും തുടർന്നുണ്ടായ ലോക്ക് ഡൗണും സുഭാഷിനെ വീണ്ടും മത്സ്യകൃഷിയിലേയ്ക്ക് വഴിതിരിച്ചു. ഇപ്പോൾ പ്രതിദിനം നാൽപ്പത് കിലോ വരെ മീൻ വിൽക്കുന്നുണ്ട്.

സൈലേജ്, ചോളം, ചോറ്, പുഷ്ടി എന്നിവയാണ് മീനുകൾക്ക് തീറ്റയായി നല്കുന്നത്. പുറത്ത് കിലോയ്ക്ക് 350 രൂപ വിലവരുന്ന മീനിന് സുഭാഷ് 150 രൂപ മാത്രമാണ് ഈടാക്കുന്നത്. കുളത്തിൽ നിന്ന് മീൻ പിടിക്കുന്നതിനും സുഭാഷിന് തന്റേതായ രീതിയുണ്ട്. ചതുരാകൃതിയിൽ വലകൊണ്ട് നിർമ്മിച്ച അറയിൽ തീറ്റ ഇട്ട് മീനുകളെ ആകർഷിക്കും. പിന്നെ ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന കപ്പിയും കയറും ഉപയോഗിച്ച് അറ ഉയർത്തും. മീനുകൾ അറയിൽ നിന്നു പുറത്ത് പോകാതിരിക്കാൻ പ്രത്യേക ലോക്കുണ്ട്. ചെറിയ മീനുകളെ കുളത്തിലേക്ക് തന്നെ ഇടും.

സുഭാഷിന് പ്രചോദനമായി ഭാര്യ ലാലമ്മയും മകൾ സൂര്യയും ഒപ്പമുണ്ട്. കൃഷി ഓഫീസർ അനൂപ് കൃഷ്ണയും കർഷക സമിതി അംഗം പി.എൻ. മേനോനും വേണ്ട മാർഗനിർദേശം നൽകുന്നു.