കോട്ടയം: ജില്ലയിലെ ആറു പൊലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കി ജില്ലാ പൊലീസിന്റെ പ്രഖ്യാപനം. സംസ്ഥാന തലത്തിൽ 75 പൊലീസ് സ്റ്റേഷനുകളെ ശിശു സൗഹൃദമാക്കി പ്രഖ്യാപിക്കുന്ന പദ്ധതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചിരുന്നു.
ജില്ലയിലെ പൊൻകുന്നം, പാലാ, എരുമേലി, ഏറ്റുമാനൂർ,കിടങ്ങൂർ, മണർകാട് എന്നീ സ്റ്റേഷനുകളാണ് ശിശുസൗഹൃദമാക്കി പ്രഖ്യാപിച്ചത്. ഓരോ സ്റ്റേഷൻ ഹൗസ് ഓഫിസർമാരും അതത് പൊലീസ് സ്റ്റേഷനിൽ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ പദ്ധതി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക് ഭയരഹിതരായി സമയം ചെലവഴിക്കാൻ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങൾ, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.