ksrtc

ഈരാറ്റുപേട്ട: കൊവിഡ് ബാധിച്ചയാൾ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത സാഹചര്യത്തിൽ ജോലിചെയ്യാൻ വിസമ്മതിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ 12 കണ്ടക്ടർമാരെ ഡി.ടി.ഒ സസ്പെൻഡ് ചെയ്തു.

കൊവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭാ ജീവനക്കാരൻ ഈരാറ്റുപേട്ട ഡിപ്പോയിലെ ബസിലാണ് കോട്ടയത്ത് നിന്ന് യാത്ര ചെയ്തത്. തുടർന്ന് ഈ ബസിലെ ജീവനക്കാർ ക്വാറന്റൈനിലാവുകയും ഡിപ്പോ അടയ്ക്കുകയും ചെയ്തു. എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ടു പരിഗണിച്ച് ഉച്ചയോടെ ബസുകളും സ്റ്റാൻഡും അണുവിമുക്തമാക്കിയ ശേഷം സർവീസ് നടത്താൻ തീരുമാനിച്ചു. എന്നാൽ ജീവനക്കാരെത്തിയില്ല. എസ്.രാജേഷ് കുമാർ, എം.കെ.വിനോദ്, എസ്.കവിതാകുമാരി, പി.ആർ.രാജൻ, കെ.ജെ.ഐസക്ക്, പി.കെ.സന്തോഷ്, സോണിഷ്, എ.ജഗതി, ബിജു കുമാർ, ബിജുമോൻ, സ്റ്റീഫൻസൺ, ടി.എസ്.ഹരികുമാർ എന്നീ കണ്ടക്ടർമാരെയാണ് സസ്‌പെൻഡ് ചെയ്തത്.