അടിമാലി: പെട്ടിമുടി ആദിവാസി കുടിയിൽ നിലനിന്നിരുന്ന നെൽകൃഷി വീണ്ടും തിരികെയെത്തുന്നു. അന്യം നിന്നുപോയ കാർഷിക സമൃതിയെ തിരികെയത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും പെട്ടിമുടിയിലെ കർഷകർ ആരംഭിച്ചു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നെൽകൃഷി പുനരാരംഭിക്കുന്നത്. കതിരണിയുന്ന പാടശേഖരങ്ങൾ ഇക്കുറി തിരിച്ചെത്തുമ്പോൾ കൃഷിക്ക് പിന്തുണയുമായി അടിമാലി ഗ്രാമപഞ്ചായത്തും ഹരിത കേരളമിഷനും കൃഷിഭവനും യു.എൻ.ഡി.പിയുടെയും ഒപ്പമുണ്ട്. 15 ഏക്കർ പാടശേഖരത്താണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്.പന്ത്രണ്ട് വർഷംമുമ്പ് വരെ കൃഷിയുണ്ടായിരുന്നു.ഇരുപത്തൊന്നോളം കർഷകർ അവരവരുടെ പാടങ്ങളിൽ കൃഷിയിറക്കും. ഞാറു നടീലിനുവേണ്ടിയുള്ള ഞാറ്റടി തയ്യാറാക്കി വിത്ത് വിതക്കൽ കർഷകർ ആരംഭിച്ചു. ഞാറ്റടി തയ്യാറാക്കി വിത്തു വിതച്ചതും കർഷകരുടെ നേതൃത്വത്തിൽ തന്നെ. ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും സാന്നിദ്ധ്യത്തിൽ ഊരുമൂപ്പൻ രാജൻ വിത്തു വിതക്കലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വർഷങ്ങളായി കൃഷിയിറക്കാതിരുന്ന പാടങ്ങൾ ഒരുക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ്. യന്ത്ര സംവിധാനങ്ങളും കർഷകർക്കായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ ക്രമീകരിച്ചു. ചെറുകിട ജലസേചന വകുപ്പിന്റെ പിന്തുണയോടെ പാടശേഖരങ്ങളിലേക്കുള്ള കനാലുകൾ വൃത്തിയാക്കി ജലസേചനത്തിനുള്ള സജ്ജീകരണങ്ങളും സജ്ജമാക്കി. 200 കിലോ വിത്താണ് ഞാറ്റടിയിൽ വിതച്ചത്. കുറിയകൈമ എന്ന ഇനത്തിൽപെട്ട നാടൻ വിത്തിനമാണ് പെട്ടിമുടിയിൽ കൃഷി ചെയ്യുക. കുറിയകൈമ എന്ന വിത്തിനത്തിന് മഴയെയും വരൾച്ചയെയും പ്രകൃതിക്ഷോപങ്ങളെയും അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും കർഷകർ പറയുന്നു. പാടശേഖരങ്ങൾ ഒരുക്കുന്ന ക്രമീകരിക്കുന്ന ജോലികൾകൂടി തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തിയായി വരുന്നു. കർഷകരായ രാജൻ മണി, രാമകൃഷ്ണൻ,മിനി എന്നിവരും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.