murder

കോട്ടയം: കട്ടപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അയൽവാസിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിനുശേഷം അപ്രത്യക്ഷനായ ഇയാളെ തേടി കട്ടപ്പന പൊലീസ് തമിഴ്നാട്ടിൽ എത്തിയെങ്കിലും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പൊലീസ് സംഘം അവിടെ നിലയുറപ്പിച്ചിരിക്കയാണ്. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ കോളനിയിലെ കുര്യാലിൽ അമ്മിണിയാണ് (65) കൊല്ലപ്പെട്ടത്. അമ്മിണിയുടെ കഴുത്തിലും നെഞ്ചിലും ഒന്നിലേറെ വെട്ടേറ്റിട്ടുണ്ട്. കൂടാതെ 9 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുമുണ്ട്. വീടിനുള്ളിൽ മൽപ്പിടിത്തം നടന്ന ലക്ഷണങ്ങളുണ്ട്. ഇന്നലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പരിക്കുകൾ വ്യക്തമായത്. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയശേഷം വീടിനോട് ചേർന്ന് കുഴിച്ചിട്ടതാകാമെന്നാണ് കരുതുന്നത്.

സാരിയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ജഡംതിരിച്ചറിയാനാവാത്തവിധം ജീർണ്ണിച്ചിരുന്നു. കഴിഞ്ഞമാസം അവസാനത്തോടെ അയൽവാസി അപ്രത്യക്ഷനായെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹത്തിലുണ്ടായിരുന്ന സാരി ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ വധിക്കപ്പെട്ടത് അമ്മിണി തന്നെയാണെന്ന് ഉറപ്പായി. എന്നാൽ ശാസ്ത്രീയ പരിശോധന നടത്തിയശേഷമേ മൃതദേഹം അമ്മിണിയുടേത് തന്നെയാണോയെന്ന് പറയാൻ സാധിക്കുകയുള്ളുവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കട്ടപ്പന ഡിവൈ.എസ്.പി എൻ.സി.രാജ്മോഹൻ പറഞ്ഞു. ജൂൺ എട്ടാം തീയതിയാണ് അമ്മിണിയെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നല്കിയിരുന്നു. അമ്മിണിയുടെ ഭ‌ർത്താവ് കാമാക്ഷി ലോക്ഡൗണിനു മുമ്പേ തമിഴ്നാട്ടിലേക്ക് പോയതിനാൽ തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവ് പോയതോടെ അമ്മിണി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.