കോട്ടയം: എല്ലാവരും തന്നെ വീട്ടുമുറ്റത്ത് അത്യാവശ്യം പച്ചക്കറി വച്ചു പിടിപ്പിച്ചു, തോട്ടിലും സ്വന്തം കുളത്തിലുമൊക്കെ മീനും മിക്കവാറും പേർക്കുണ്ട്. മുഖ്യമന്ത്രി പറഞ്ഞതു പോലെ പിന്നെയെന്തിന് കടയിൽപോയി കൊവിഡ് കൂടി കൊണ്ടുവരണം .
മാത്രമല്ല, ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പട്ടവരിൽ അധികവും സംരംഭകരാവുകയും ചെയ്തു . പ്രവാസികളും സ്വകാര്യ ജീവനക്കാരുമെല്ലാം വഴിയോരക്കച്ചവടത്തിലേയ്ക്കും നീങ്ങിയപ്പോൾ കാര്യമായ കച്ചവടമില്ലെന്ന സങ്കടത്തിലാണ് കടക്കാർ . കടൽമീനിന്റെ ലഭ്യത കുറഞ്ഞിട്ടും പച്ചക്കറി വിപണി ഉണരാത്തതിനു കാരണവും ഇതാണ്.
ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെടുകയും, വരുമാനം നിലയ്ക്കുകയും ചെയ്ത പലരും പച്ചക്കറി വിപണനത്തിലേക്ക് തിരിഞ്ഞു. വഴിയരികിൽ വണ്ടിയിലുള്ള കച്ചവടക്കാരുടെ എണ്ണം കൂടി. ഇതോടെ സ്ഥിരം കച്ചവടക്കാർക്ക് വിൽപ്പന കുറഞ്ഞു. ഹാർബർ നിയന്ത്രണങ്ങളിൽ കടൽ മത്സ്യം കിട്ടാതായതോടെ ഭൂരിഭാഗം പേർക്കും വളർത്തു മീനും ആറ്റുമീനുമാണ് ആശ്രയം. കടൽ കായൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ മീൻപിടിത്തം ഏറെപ്പേരും ഹോബിയാക്കി. വൈകിട്ട് 7ന് ആരംഭിക്കുന്ന മീൻപിടിത്തം പലപ്പോഴും പുലർച്ചെ വരെ നീളും. ആറിനും തോടിനും സമീപമുള്ളവരെല്ലാം ആവശ്യമുള്ള മീൻ സ്വയം പിടിക്കുകയാണ്.
ലോക്ക് ഡൗൺകാലത്ത് തൊടിയിലും ടെറസിലും പച്ചക്കറി കൃഷി ചെയ്തവരുടെ എണ്ണം കൂടി. ഇതോടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറി വീട്ടിൽ നിന്ന് തന്നെ ശേഖരിക്കുന്ന രീതിയിലായി കാര്യങ്ങൾ. വെണ്ട, തക്കാളി , പാവയ്ക്ക, പച്ചമുളക് തുടങ്ങിയ ഇനങ്ങൾക്ക് കടകളിൽ ആവശ്യക്കാർ കുറഞ്ഞു. പച്ചക്കറികൾ കൂടുതലും തമിഴ്‌നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതെന്നതും ഉപഭോക്താക്കളെ പിന്നോട്ടടിക്കുന്നു.
പച്ചക്കറി വില
ഉള്ളി: 41
സവാള:17
തക്കാളി : 38-40
ബീൻസ് : 42
കാരറ്റ് : 40
പയർ :20
മുരിങ്ങ: 52
''ഉപഭോക്താക്കളേക്കാൾ കൂടുതൽ സംരംഭകരെന്നതാണ് ഇപ്പോൾ അവസ്ഥ. പച്ചക്കറിയും മറ്റും അവർ സ്വയം വിളയിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സാധനങ്ങൾ വാങ്ങാൻ പേടിയാണ് പലർക്കും''
നാസർ, പച്ചക്കറി വ്യാപാരി