കുറവിലങ്ങാട് എം.സി റോഡിലെ നടപ്പാതയിൽ സ്ലാബില്ല

കുറവിലങ്ങാട് : കണ്ണൊന്ന് തെറ്റിയാൽ പിന്നെ പറയേണ്ട. മുമ്പിൽ വാരിക്കുഴിയാണ്. അതും നടപ്പാതയുടെ ഒത്തനടുക്ക്. എം.സി റോഡിൽ കുറവിലങ്ങാട് ടൗൺ പരിസരത്തെ കാൽനടയാത്ര പിന്നെ ഞാണിന്മേൽകളിയാകാൻ പിന്നെന്ത് വേണം. ലോകോത്തര നിലവാരത്തിലാണ് കെ.എസ്.ടി.പി എം.സി റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പക്ഷേ റോഡിനോടനുബന്ധിച്ചുള്ള ഓടയ്ക്ക് മുകളിൽ പല സ്ഥലങ്ങളിലും കോൺക്രീറ്റ്സ്ലാബ് നിരത്താൻ അധികൃതർ മറന്നു. കോഴാ മുതൽ പാറ്റാനി ജംഗ്ഷൻ വരെ നടപ്പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പതിയിരിപ്പുണ്ട്. ഓടയും ഫുട്പാത്തും ഇല്ലാത്ത സ്ഥലങ്ങളുമുണ്ട്. ചില സ്ഥലങ്ങളിൽ നടന്ന് ചെല്ലുന്നത് ഓടയിലേക്കാണ്. റോഡും ഫുട്പാത്തും തമ്മിലുള്ള ഉയരത്തിനും പല അളവുകളാണ്. മുമ്പ് സ്കൂൾ കുട്ടുകൾക്ക് ഉൾപ്പെടെ ഓടയിൽ വീണ് പരിക്കേറ്റിരുന്നു. കഷ്ടിച്ച് ജീവൻ തിരിച്ച് കിട്ടിയവരും ആ കൂട്ടത്തിൽ പെടും.

 പലവട്ടം പരാതികൾ

റോഡ് നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് പലവട്ടം പലാതികൾ ഉയർന്നിരുന്നു. പക്ഷേ കെ.എസ്.ടി.പി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മഴക്കാലമെത്തുന്നതോടെ കുറവിലങ്ങാട് ടൗണിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഓടയ്ക്ക് പല സ്ഥലങ്ങളിലും സ്ലാബ് ഇല്ലാത്തതിനാൽ മഴക്കാലത്ത് അപകടസാധ്യതയും വർദ്ധിക്കുകയാണ്.