കോട്ടയം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഉഴിച്ചിലും പിഴിച്ചിലും ഔഷധക്കൂട്ടു നിറച്ച കഞ്ഞിയുമില്ലാത്ത കർക്കടകം സമ്മാനിച്ച സാമ്പത്തിക ബുദ്ധിമുട്ടിൽ പകച്ചു നിൽക്കുകയാണ് ആയുർവേദ മേഖല . ഔഷധക്കിറ്റും സുഖചികിത്സയുമായി ആയുർവേദരംഗത്തുള്ളവരുടെ പ്രധാന വരുമാനം കർക്കടകത്തിലാണ്. കൊവിഡ് അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു.
ഓരോ വർഷവും നടത്തുന്ന കർക്കടക ചികിത്സ വിഷവസ്തുക്കളെ പുറത്തെത്തിച്ചു പ്രവർത്തനം സുഗമമാക്കി ആരോഗ്യത്തോടും പ്രതിരോധത്തോടും കൂടി ശരീരത്തെ നിലനിർത്തുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഊന്നൽ നൽകുന്നതാണ് കർക്കടകചികിത്സ. സൂര്യൻ ഉത്തരായണത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം ഉണ്ടാകും. രോഗപ്രതിരോധശേഷി കുറയും . അസുഖങ്ങൾ പെട്ടെന്ന് വരാൻ സാദ്ധ്യതയുണ്ട്. ഇത് കൊണ്ടാണ് ദക്ഷിണായന കാലമായ കർക്കടകമാസം ചികിത്സയ്ക്കായി മാറ്റിവയ്ക്കുന്നത്.
തിരുമൽ ചികിത്സ ശരീരത്തിലെ രക്തസഞ്ചാരത്തെ സുഗമമാക്കി ധമനികളുടെയും സിരകളുടെയും വികാസ സങ്കോചശക്തിയെ വർദ്ധിപ്പിച്ച് ശരീരത്തിന്റെ ബാഹ്യഭാഗങ്ങളിലുള്ള കൊഴുപ്പിനെ ലയിപ്പിച്ച് ഊർജ്ജം പ്രദാനം ചെയ്യുന്നു. സന്ധികളിലെ പല കാരണങ്ങൾ കൊണ്ടുള്ള നീർവീഴ്ച ഇല്ലാതാക്കും. സന്ധികൾ ആയാസരഹിതമായി പ്രവർത്തിക്കാൻ സജ്ജമാക്കും. സിരകളിലുണ്ടാകുന്ന ക്ഷതം, സന്ധികളെ ബാധിക്കുന്ന പലതരം വാതരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കും. അസ്ഥി രോഗങ്ങളുടെ ഉൽഭവത്തെ ഇല്ലാതാക്കും.
കഞ്ഞിക്കിറ്റ് കൊവിഡിൽ മുങ്ങി
ലഘുവായ ഏതെങ്കിലും ചികിത്സക്കു ശേഷം കർക്കടക കഞ്ഞി ഉപയോഗിച്ചാൽ ശരീരപ്രവർത്തനം സുഗമമാകും. ആരോഗ്യവും രോഗ പ്രതിരോധവും നൽകും. കർക്കടക ചികിത്സയിൽ ഏറ്റവും പ്രധാനമാണ് ഔഷധക്കഞ്ഞി. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കടക കഞ്ഞി രോഗ പ്രതിരോധ ശേഷി നൽകും. വീടുകളിൽ കർക്കടക കഞ്ഞി തയ്യാറാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ സ്ഥാപനമായ ഔഷധിയും വിവിധ സ്വകാര്യ സ്ഥാപനങ്ങളും കഞ്ഞിക്കിറ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന് ലക്ഷങ്ങളുടെ വിൽപ്പന നടന്നിരുന്നു . ഈ വർഷം ഔഷധക്കിറ്റ് കൊവിഡിൽ മുങ്ങി.നഷ്ടക്കച്ചവടമാകുമെന്നതിനാൽ പല കമ്പനികളും കിറ്റ് വിപണിയിൽ ഇറക്കിയില്ല. ഇൻസ്റ്റന്റ് ഔഷധക്കഞ്ഞി തയ്യാറാക്കി വിറ്റിരുന്ന ആയുർവേദ സ്ഥാപനങ്ങളും കളരികളും പിന്മാറി.
സർക്കാർ ആയുർവേദ ആശുപത്രികളിലും പഞ്ചകർമ്മ ചികിത്സാ കേന്ദ്രങ്ങളിലും കർക്കടക ചികിത്സയ്ക്ക് വൻ തിരക്കുണ്ടാകാറുണ്ട് . പലരും പേവാർഡുകൾ നേരത്തേ ബുക്കുചെയ്യുമായിരുന്നു. പഞ്ചകർമ്മ ചികിത്സയിൽ ശാരീരിക അകലം പാലിക്കൽ ബുദ്ധിമുട്ടായതിനാൽ ഈ വർഷം തിരക്കില്ല. പഴയ രോഗികളേയുള്ളൂ.
ഡോ. പവിത്രൻ