പൊൻകുന്നം: രാജേന്ദ്ര മൈതാനവും ബ്രിട്ടീഷ് കിണറും നവീകരിക്കുന്ന പദ്ധതിക്ക് തുടക്കം. 25 ലക്ഷം രൂപയുടെ പദ്ധതിയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. സ്റ്റേജ്, മൈതാനത്തിന് മേൽക്കൂര, കവാടം എന്നിവയാണ് നിർമ്മിക്കുന്നത്. പൊതുപരിപാടികൾ ഇല്ലാത്ത സമയത്ത് ലോറികൾക്കു പാർക്കിംഗ് നടത്താൻ കഴിയുന്ന ഉയരത്തിലാണ് മേൽക്കൂര നിർമ്മിക്കുന്നത്.സ്വാതന്ത്യ ലബ്ധിക്ക് മുൻപ് സി.പിയുടെ ഭരണത്തിനെതിരേ തിരുവനന്തപുരത്ത് നടന്ന സമരത്തിൽ രാജേന്ദ്രൻ എന്ന 13 വയസുകാരൻ വെടിയേറ്റു മരിച്ചപ്പോൾ പൊൻകുന്നത്തെ ദേശാഭിമാനികൾ സ്വാതന്ത്യ സമരപോരാട്ടങ്ങൾക്ക് വേദിയായിരുന്ന മൈതാനത്തിന് രാജേന്ദ്രമൈതാനമെന്നു പേരിടുകയായിരുന്നു. വി.കെ.കൃഷ്ണമേനോൻ,ഇ.എം.എസ്, ജോർജ്ജ് ഫെർണാണ്ടസ് തുടങ്ങിയ പ്രമുഖർ രാജേന്ദ്രമൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കാലത്തു പണി തീർത്ത കിണറും ഫലകവും സ്വാതന്ത്യ സമര പോരാട്ടങ്ങളിലെ രക്തസാക്ഷികളുടെ സ്മരണകളും ഒരേ മൈതാനത്തിൽ സംഗമിക്കുന്ന കാഴ്ച രാജേന്ദ്രമൈതാനത്തിന്റെ പ്രത്യേകതയാണ്.1912ൽ ബ്രിട്ടീഷ് രാജാവായി ജോർജ് അഞ്ചാമന്റെ കിരീടധാരണത്തിന്റെ സ്മരണ നിലനിർത്താനായി പൊൻകുന്നത്ത് നിർമ്മിച്ച അഞ്ചുകിണറുകളിൽ ഒന്നാണ് രാജേന്ദ്രമൈതാനത്തേത്. 30 സെന്റ് സ്ഥലത്താണ് മൈതാനം സ്ഥിതി ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്.എന്നാൽ പൊൻകുന്നം പട്ടണം വലുതായപ്പോൾ രാജേന്ദ്രമൈതാനം ചെറുതാവുകയായിരുന്നു.ദേശീയപാതയും ടൗൺഹാൾ റോഡും കവർന്നെടുത്തതിന്റെ ബാക്കിഭാഗമാണ് ഇപ്പോൾ 25 ലക്ഷം രൂപയുടെ പദ്ധതിപ്രകാരം സംരക്ഷിക്കപ്പെടുന്നത്.