പാലാ: "എല്ലാവരും മൂന്നേ മൂന്ന് കാര്യമൊന്നു ശ്രദ്ധിക്കാമോ...? കൊറോണയെ നമുക്ക് കെട്ടുകെട്ടിക്കാം .. " ജനമനസ്സുകളിൽ ആത്മ വിശ്വാസം നിറക്കുന്ന ഈ വാക്കുകൾ ഡിനു ജോയി എന്ന ആരോഗ്യ വകുപ്പിലെ പരിശീലകയുടേതാണ്.
ഈ കൊവിഡ് കാലത്ത് സംസ്ഥാനത്തെ ആരോഗ്യ വിഭാഗം ജീവനക്കാർക്കും ജനപ്രതിനിധികൾക്കും, പൊതുജനങ്ങൾക്കുമായി ഡിനു ജോയി നേരിട്ടും ഓൺലൈനിലുമായി ഒട്ടേറെ ക്ളാസുകളെടുത്തു. സംസ്ഥാന സർക്കാരിന്റെ പ്രഥമ സിസ്റ്റർ ലിനി പുതുശ്ശേരി നഴ്സസ് അവാർഡ് ജേതാവായ ഡിനു, ദേശീയ ആരോഗ്യ പദ്ധതിയിലെ കൗമാര ആരോഗ്യ വിഭാഗത്തിൽ കൺസൾട്ടന്റും കൊവിഡ് ബോധവത്ക്കരണ ക്ലാസ്സിന്റെ ചുമതലക്കാരിയുമാണ്.
പ്ലാന്ററായ പൂഞ്ഞാർ വരിക്കപ്ലാക്കൽ ജോബിയുടെ ഭാര്യയാണ്. ഡിജൽ, ഡിയോൺ എന്നിവരാണ് മക്കൾ.
മറ്റ് അസുഖങ്ങളുള്ളവർക്കേ ഗുരുതരമാവൂ
"എത്ര പ്രിയപ്പെട്ടവരാണെങ്കിലും നേരിൽ കാണുമ്പോൾ രണ്ടടി അകന്നു നിന്നേ സംസാരിക്കാവൂ. വേണ്ട വിധം വായും മൂക്കും മൂടി മാസ്ക്ക് ധരിക്കണം. വീട്ടിലാണെങ്കിലും ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകണം. ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ മാത്രം മതി
കൊറോണ തോറ്റോടും .
അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ വീടിനു പുറത്തു പോകാവൂ. വാച്ച്, വള, മോതിരം തുടങ്ങി ഒന്നും ധരിച്ച് പുറത്തു പോകരുത്. ആൽക്കഹോൾ ഉള്ള സാനിറ്റൈസർ മാത്രമേ ഉപയോഗിക്കാവൂ.
കൊവിഡ് ബാധിതരിൽ 80 ശതമാനം പേരിലും ഇത് ഒരു ജലദോഷപ്പനി പോലെ വന്നു പോകുമെന്നേയുള്ളൂ. പേടിക്കേണ്ട കാര്യമില്ല. മറ്റ് അസുഖങ്ങൾ മൂലം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ മാത്രമാണ് രോഗം പിടിപെട്ടാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.