കുറവിലങ്ങാട് : കൊവിഡ് കാലത്ത് യോഗാ പരിശീലനവും ഓൺലൈനാക്കി മാറ്റി കുറവിലങ്ങാട് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് യോഗാപരിശീലനം ഓൺലൈനായി നൽകുന്നത്. 'രോഗപ്രതിരോധ ശേഷി കൂട്ടാം, ആരോഗ്യം വർദ്ധിപ്പിക്കാം' എന്ന സന്ദേശം നൽകിക്കൊണ്ട് പഞ്ചായത്തിലെ ഗവ.ആയുഷ് വെൽനെസ്സ് സെന്ററിന്റെ സഹകരണത്തോടെയാണ് ഓൺലൈൻ യോഗാ പരിശീലനം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ഉദ്ഘാടനം ചെയ്തു. യൂട്യൂബ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക. ആയുഷ് വെൽനെസ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.സുമി ശ്രീകണ്ഠൻ, യോഗ ഡെമോൺസ്‌ട്രേറ്റർ ഡോ.രഞ്ജന പി.ആർ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ലോക്ക് ഡൗണിനെത്തുടർന്നു ക്ലാസുകൾ നിലച്ചപ്പോൾ ബദൽ സംവിധാനമെന്ന നിലയിലാണ് ഓൺലൈൻ ക്ലാസുകളിലേക്ക് നീങ്ങിയത്. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, പഞ്ചായത്ത് മെമ്പർ ഷൈജു പാവുത്തിയേൽ എന്നിവരാണ് പ്രൊജ്ര്രക് കോർഡിനേറ്റർമാർ.