ചങ്ങനാശേരി: നഗരമധ്യത്തിലെ വ്യാപാരസ്ഥാപനത്തിൽ അഗ്‌നിബാധ. ചങ്ങനാശേരി ഫയർ സ്‌റ്റേഷനുസമീപത്ത് പ്രവർത്തിക്കുന്ന ബാഗ് കടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11.15 ഓടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് കടയിലെ ജീവനക്കാർ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. കട പൂർണ്ണമായി കത്തിനശിച്ചു. ഷൈനി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ബാഗ് കടയ്ക്കാണ് തീപിടിച്ചത്. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കട ഉടമ പറഞ്ഞു. ഫയർസ്‌റ്റേഷനു സമീപത്തായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് അതിവേഗം സ്ഥലത്തെത്താൻ സാധിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു.സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. സീനിയർ ഫയർഓഫീസർ താഹ, ഫയർ റെസ്‌ക്യൂ ഓഫീസർ ടി.എ അനീഷ്,ജി.കെ അനീഷ്,നോബിൻ വർഗീസ് ,ഹോംഗാർഡ് വിനോദ് കുമാർ, ഫയർമാൻ ഡ്രൈവർമാരായ ആന്റണി ബിജു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.