വാകത്താനം: ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കിടപ്പാടമില്ലാതിരുന്ന 70 പേർക്ക് സ്വന്തമായി 3 സെന്റ് സ്ഥലവും വീടും നിർമ്മിച്ചു നല്കി വാകത്താനം ഗ്രാമപഞ്ചായത്ത്. ലൈഫ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ മുടങ്ങി കിടന്ന 14 വീടുകളുടെ പൂർത്തീകരണവും, രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ 57 വീടുകളുടെ പൂർത്തീകരണവും നടന്നു. ആകെ 6.75 കോടി രൂപയാണ് വാകത്താനം ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിക്കായി ചെലവഴിക്കുന്നത്. തോട്ടയ്ക്കാട് ഒൻപതാം വാർഡിൽ കൂട്ടുങ്കൽ പറമ്പിൽ രതീഷ് കെ.രാജന് ആദ്യ ഗഡു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി.പ്രകാശ് ചന്ദ്രൻ കൈമാറി. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിബി ഏബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ സൈമൺ, പഞ്ചായത്തംഗം ജി. ശ്രീകുമാർ, സെക്രട്ടറി പി.പി.സാബു, വി.ഇ.ഒ തോമസ് തോമസ് എന്നിവർ പങ്കെടുത്തു.