sudhakar-mangalodayam

വൈക്കം: ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി. നായർ-62) അന്തരിച്ചു. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. സാധാരണക്കാരന്റെ ജീവിതമുഹൂർത്തങ്ങൾക്ക് കടുംവർണങ്ങൾ നൽകി ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സുധാകർ മംഗളോദയത്തിന്റെ രചനാശൈലിക്ക് വായനക്കാർക്കിടയിൽ വലിയ അംഗീകാരം ലഭിച്ചിരുന്നു. നിരവധി മലയാള പ്രസിദ്ധീകരണങ്ങളിൽ തുടർനോവലുകളെഴുതി.

പി. പത്മരാജന്റെ കരിയിലക്കാറ്റ് പോലെ, 1985 ൽ പുറത്തിറങ്ങിയ വസന്തസേന എന്നീ സിനിമകളുടെ കഥ സുധാകറിന്റേതാണ്. ഞാൻ ഏകനാണ് എന്ന സിനിമയ്ക്ക് തിരക്കഥയും നന്ദിനി ഓപ്പോളിന് സംഭാഷണവും രചിച്ചു. സംവിധായകൻ പി. ചന്ദ്രകുമാറിന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചു.
എം.ടി. വാസദേവൻ നായരുടെ ജീവിതം അടിസ്ഥാനമാക്കി 'ഏതോ സന്ധ്യയിൽ ഏതോ ഇടവഴിയിൽ" എന്ന പുസ്തകമെഴുതി. പാദസരം, ചിറ്റ, നന്ദിനി ഓപ്പോൾ, ഒറ്റക്കൊലുസ്, അവൾ, കളിയൂഞ്ഞാൽ, ഈറൻ നിലാവ്, നിറമാല, മയൂരനൃത്തം, വേനൽ വീട്, കൃഷ്ണതുളസി, ഓട്ടുവള, ചാരുലത, കുങ്കുമപ്പൊട്ട്, ചുവപ്പ് കൂടാരങ്ങൾ, തുലാഭാരം, പാഞ്ചാലി, അൾത്താര, നീലക്കടമ്പ്, സുമംഗലി തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
ഭാര്യ: പരേതയായ ഉഷ. ശ്രീവിദ്യ മകളും ശ്രീജിത്ത് മരുമകനുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെള്ളൂരിലെ മംഗളോദയം വീട്ടുവളപ്പിൽ.