കോട്ടയം: മൂന്നാർ ടൗണിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച പതിനൊന്നു പേർ അകത്താവും. സംശയം തോന്നിയതിനെ തുടർന്ന് ജില്ലാ കളക്ടർ നേരിട്ട് സ്ഥലം പരിശോധന നടത്തിയതോടെ സംഘം ഹൈക്കോടതിയിൽ നല്കിയ വിവരങ്ങൾ കളവാണെന്ന് ബോദ്ധ്യമായി. തുടർന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. 2018ൽ ആണ് സംഭവങ്ങൾക്ക് തുടക്കം.
മൂന്നാർ ടൗണിലുള്ള കൈവശഭൂമി പതിച്ചുകിട്ടുന്നതിന് അപേക്ഷ നല്കിയിട്ടുണ്ടെന്നും അത് സർക്കാർ പരിഗണനയിലാണെന്നും കേസ് തീർപ്പാകുംവരെ തങ്ങളെ ഈ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ചിലർ ഹർജി നൽകിയിരുന്നു. ഹർജി സ്വീകരിച്ച ഹൈക്കോടതി രേഖകൾ പരിശോധിക്കാൻ റവന്യു വകുപ്പിന് കൈമാറി. ഇടുക്കി ഡപ്യൂട്ടി കളക്ടർ നടത്തിയ പരിശോധനയിൽ കോടതിയിൽ ഹാജരാക്കിയ പട്ടയ, കൈവശാവകാശ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. ഭൂമി ഇപ്പോഴും സർക്കാരിന്റെ കൈവശത്തിലാണെന്നും രേഖകൾ വ്യാജമാണെന്നും ജില്ലാ കളക്ടർ കോടതിയിൽ സത്യവാങ്മൂലം നല്കി. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്.
ആരോപണവിധേയരായ 11 പേരും വ്യാജരേഖകൾ ഉപയോഗിച്ചാണ് ഭൂമി കൈയേറിയതെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും ഇവ നിർമ്മിച്ച് നൽകിയവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
മൂന്നാർ ഇക്കാനഗർ സ്വദേശികളായ പി. ജയകുമാർ, പി.മരിയാ ആന്റണി, ചൊക്കനാട് സ്വദേശികളായ എസ്.ഷൺമുഖത്തായി, വിനോദ് ഷൺമുഖയ്യ, നല്ലതണ്ണി സ്വദേശി വിൽസൺ ഇമ്പരാജ്, ലക്ഷ്മി എസ്റ്റേറ്റിൽ താമസിക്കുന്ന ജി.ഗണേഷ് രാജ, കെ.മോഹനസുന്ദരം, സെവൻമല സ്വദേശി പി.രാജൻ, തെന്മല ഫാക്ടറി ഡിവിഷനിലെ പി.ഗണേശൻ, വാഗുവര സ്വദേശി എൻ.അർജുൻ, ചോലമല സ്വദേശി പി.ദ്രവു എന്നിവർക്കെതിരെയാണ് കേസ്.