p-j-joseph

കോട്ടയം: സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനും സ്പീക്കർക്കുമെതിരെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവരുന്ന പ്രമേയങ്ങൾക്കെതിരെ ജോസ് വിഭാഗം വോട്ട് ചെയ്താലും വിട്ടു നിന്നാലും വിപ്പ് ലംഘനത്തിന് നടപടിയെടുക്കുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് കേരളകൗമുദിയോട് പറഞ്ഞു.

'പാർട്ടി നിയമസഭാകക്ഷി നേതാവായി സ്പീക്കർ അംഗീകരിച്ചത് എന്നെയാണ്. അഞ്ച് എം.എൽ.എമാരിൽ റോഷി അഗസ്റ്റിനും ഡോ.എൻ.ജയരാജും അപ്പുറത്താണെങ്കിലും പാർട്ടി പിളർന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടില്ല. വിപ്പ് അംഗീകരിക്കാൻ ഇരുവരും ബാദ്ധ്യസ്ഥരാണ് "- ജോസഫ് വ്യക്തമാക്കി.

അതേസമയം അവിശ്വാസ പ്രമേയ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ ചർച്ച ചെയ്യുമെന്നുമാണ് ജോസ് കെ. മാണി അറിയിച്ചത്. യു.ഡി.എഫിൽ നിന്നു പുറത്താക്കിയതോടെ സ്വതന്ത്ര നിലപാടിലാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ജോസ് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. ഇടതു മുന്നണിയെ പിന്തുണച്ചാൽ അത് അങ്ങോട്ടു ചായുന്നതിന്റെ സൂചനയാകും. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെങ്കിലും രണ്ട് എം.പിമാരുള്ള ജോസ് വിഭാഗം ഇപ്പോഴും യു.പി.എ ഘടകകക്ഷിയാണ്.

ഇടതു മുന്നണിക്ക് ഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെടുമെങ്കിലും ഒരു മുന്നണിയിലുമില്ലാത്ത ജോസ് വിഭാഗം എന്തു നിലപാട് സ്വീകരിച്ചെന്നത് ചർച്ചയാകും. സർക്കാരിനെതിരായ രാഷ്ടീയ നീക്കം ശക്തമാക്കുന്നതിനിടെ ജോസ് ഇടത് അനുകൂല നിലപാട് സ്വീകരിച്ചാൽ യു.ഡി.എഫിന് ക്ഷീണവുമാകും. ജോസിനെ തിരിച്ചെത്തിക്കണമെന്ന നിലപാട് മുന്നണിയിൽ പലർക്കുമുള്ളപ്പോൾ പ്രത്യേകിച്ചും.