സി.സി.ടി.വി കാമറ ഓഫ് ചെയ്‌ത മോഷ്‌ടാവ് ശ്രീകോവിലിലും കയറി
അൻപതിനായിരം രൂപ നഷ്‌ടമായതായി ക്ഷേത്രം ഭാരവാഹികൾ
കോട്ടയം : പുതുപ്പള്ളി പയ്യപ്പാടി വെന്നിമല ശ്രീരാമ - ലക്ഷ്‌മണ സ്വാമി ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി തകർത്ത് അരലക്ഷത്തോളം രൂപ കവർന്നതായാണ് സംശയം. ക്ഷേത്രത്തിന്റെ പിന്നിലെ മതിൽ ചാടി അകത്തു കടന്ന മോഷ്ടാവ് ശ്രീകോവിലിനുള്ളിലും കയറി. ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയും ഓഫ് ചെയ്ത നിലയിലാണ്.
ക്ഷേത്രത്തിലെ പിതൃമണ്ഡപം, ഗണപതി, സരസ്വതി, കൃഷ്ണന്റെ നടകളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു. ശ്രീകോവിലിനുള്ളിൽ കയറിയ മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ മുഴുവൻ തെരച്ചിൽ നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പിൻവശത്തു കൂടി അകത്തുകയറി ഓട് പൊളിച്ച് ശ്രീകോവിലിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. ശ്രീകോവിലിനുള്ളിൽ നിന്ന് ഒന്നും ലഭിക്കാതെ വന്നതോടെ പുറത്തിറങ്ങിയ ശേഷമാണ് മോഷ്ടാവ് കാണിക്കവഞ്ചി തകർത്തത്. രാവിലെ ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ഈസ്റ്റ് പൊലീസിൽ അറിയിച്ചു.വിരലടയാള വിദഗ്ദ്ധർ എത്തി പരിരോധന നടത്തി. ലോക്ക് ഡൗണിന് ശേഷം ക്ഷേത്രം തുറന്നു തുടങ്ങിയെങ്കിലും കാര്യമായ ഭക്തർ എത്തിയിരുന്നില്ല. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിർമ്മൽ ബോസ് , എസ്.ഐ രഞ്ജിത്ത് വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി.
അന്വേഷണം ഊർജിതമാക്കണം : ഹിന്ദു ഐക്യവേദി
ചരിത്രപ്രസിദ്ധവുമായ വെന്നിമല ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത് രണ്ടാം തവണയാണ് .ഏതാനും മാസം മുൻപ് തിരുനക്കര ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതിനാൽ വിജനമായിരിക്കുന്ന ക്ഷേത്രങ്ങളുടെ സുരക്ഷയിൽ പൊലീസ് കൂടുതൽ ജാഗ്രത കാട്ടണമെന്നും, പ്രത്യേക സംഘം അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.