കൊവിഡ് പ്രതിരോധപരിപാടികൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ മുന്നിൽ നിന്ന കോട്ടയം അതെല്ലാം കൈവിട്ടതിന്റെ ഫലമായി സമൂഹ വ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണോ എന്ന സംശയം ചുറ്റുവട്ടത്ത് ബലപ്പെട്ടു.
കുമരകം മുതൽ വൈക്കം വരെയും ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി , മുണ്ടക്കയം വരെയും ചങ്ങനാശേരി ഭാഗവുമെല്ലാം കൊവിഡിന്റെ പിടിയിലേക്ക് അടുക്കുകയാണ് . വൈക്കം, ചങ്ങനാശേരി, കുമരകം ,ഏറ്റുമാനൂർ മത്സ്യ മാർക്കറ്റുകൾ അടച്ചിടേണ്ട സ്ഥിതിയായി. ഇത്രയൊക്കെയായിട്ടും സാമൂഹ്യ അകലം പാലിക്കാനോ മൂക്കും വായും മൂടി മാസ്ക് ധരിക്കാനോ സാനിറ്റൈസറോ സോപ്പ് ലായനിയോ സ്ഥിരം ഉപയോഗിക്കാനോ പലരും തയ്യാറാകുന്നില്ല.
ക്വാറന്റിനിലോ നിരീക്ഷണത്തിലോ ആയ പലരും അക്കാര്യം മറച്ചുവെക്കുന്നതാണ് സാമൂഹ്യ വ്യാപനത്തിലേക്ക് നയിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണായ ആലപ്പുഴയിൽ ക്വാറന്റിനിൽ ആയിരുന്ന രണ്ടു പേർ ഇക്കാര്യം മറച്ചു വെച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തി. രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പരിശോധിച്ച ഡോക്ടർമാരും മറ്റു ജീവനക്കാരും രോഗികളും ക്വാറന്റിനിൽ ആയി. ശസ്ത്രക്രിയ വാർഡും അടച്ചു .
ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം അഞ്ഞൂറോട് അടുക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ രോഗികൾ 50 കടന്നു . .സമ്പർക്ക പശ്ചാത്തലം വ്യക്തമാകാത്ത നിരവധി പേർ കോട്ടയത്തുണ്ട് . സമ്പർക്ക രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ ഒന്നര ഡസനോളമായി. പല പഞ്ചായത്ത് നഗരസഭാ ഓഫീസുകൾ അടച്ചു. ഇതെല്ലാം പേടിപ്പെടുത്തുന്ന ചിത്രങ്ങളാണെങ്കിലും ആർക്കും ഒരു പേടിയുമില്ല. എനിക്ക് ഒരിക്കലും കൊവിഡ് വരില്ലെന്ന വിശ്വാസത്തോടെ അർമാതിക്കുകയാണ് പലരും.
മൂക്കും വായും മൂടി മാസ്ക്ക് വക്കാത്തവർ ഏറെയുള്ള ജില്ല കോട്ടയമാണ്. പൊലീസുകാരുടെ ആവശ്യം പോലെ അവരെ കാണുമ്പോൾ മാസ്ക്ക് മൂക്കിനു മുകളിൽ വലിച്ചു കയറ്റും പിന്നെ താടിയിലേക്ക് താഴ്ത്തും. ഈ അവസ്ഥക്ക് ഇനിയു മാറ്റം വന്നിട്ടില്ല . ഹൈക്കോടതി ഇടപെടൽ കാരണം സമരങ്ങൾക്ക് താത്ക്കാലിക ശമനമായി. അല്ലെങ്കിൽ സ്വർണക്കടത്തിന്റെ പേരിലുള്ള കൂട്ട സമരം വഴി പലരും രോഗവാഹകരായേനേ.
നിരീക്ഷണത്തിലോ ക്വാറന്റിനിലോ ആയിരുന്ന പലരും സാമൂഹ്യ ദ്രോഹികളായി പലർക്കും രോഗം പരത്താനെന്നോണം കറങ്ങി നടക്കുന്നതാണ് പ്രധാന പ്രശ്നം. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ് ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . അവധി അപേക്ഷ നൽകാൻ എത്തിയതോടെ മേൽശാന്തിക്കും കൊവിഡായി. കീഴ് ശാന്തിയുടെ ഭാര്യ കണ്ടെയ്ൻമെന്റ് സോണായ തമിഴ്നാട്ടിൽ നിന്നു വന്ന് ഭർത്താവിന് രോഗം കൊടുത്തതായിരുന്നു. അറിഞ്ഞു കൊണ്ടുള്ള രോഗം പരത്തലായി ഇത്. പാറത്തോട് ഭാഗത്ത് നിരവധി ആളുകൾക്ക് കൊവിഡ് പകർന്നു കൊടുത്തത് ഒരു ഓട്ടോ ഡ്രൈവറായിരുന്നു . പല സ്ഥലത്തും ഡ്രൈവർമാരും മീൻ കച്ചവടക്കാരുമാണ് രോഗ വാഹകരായത്.
കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ പലർക്കും വീടിന് പുറത്തിറങ്ങാൻ പേടിയായിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കൂടിയപ്പോൾ വീട്ടിലിരിക്കുന്നവരെല്ലാം പേടി ഇല്ലാതായതുപോലെ തെരുവിൽ അലയുകയാണ് . എനിക്ക് കൊവിഡ് വരില്ലെന്ന മട്ടിൽ ചിലരുടെ കൂസലില്ലായ്മ കാണുമ്പോൾ ഇപ്പോഴാണ് ലോക്ക് ഡൗൺ നടപ്പാക്കേണ്ടിയിരുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാത്തവർ ആരായാലും അവരെ സാമൂഹ്യദ്രോഹികളായ ക്രിമിനലുകളെന്ന് വിശേഷിപ്പിക്കേണ്ടിവരും. അതു പോലെ തന്നെ ക്വാറന്റയിനിലും നിരീക്ഷണത്തിലും അടങ്ങിയൊതുങ്ങി ഇരിക്കാതെ പുറത്തു ചാടുന്നവർ. ഇത്തരക്കാരെ കണ്ടെത്തി പകർച്ചവ്യാധി നിരോധന നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.