കോട്ടയം : കൊവിഡ് കാലത്ത് ക്ഷേത്രങ്ങൾക്ക് സർക്കാർ മതിയായ സംരക്ഷണം നൽകാത്തതിന്റെ തെളിവാണ് വെന്നിമല ക്ഷേത്ര കവർച്ചയെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി കുറ്റപ്പെടുത്തി. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രം. അനാസ്ഥകാരണം ചുറ്റമ്പലത്തിന്റെ പലഭാഗങ്ങളും ജീർണ്ണിച്ച് നിലംപൊത്തി. ഭക്തജനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ജീർണോദ്ധാരണ പ്രവർത്തനം നടത്തണമെങ്കിൽ അതിന് പുരാവസ്തുവകുപ്പിന്റെ അനുമതി വേണം. ക്ഷേത്ര ഭാഗങ്ങൾ തകർന്നു കിടക്കുന്നതും ക്ഷേത്രത്തിന് രാത്രികാലങ്ങളിൽ മതിയായ കാവലില്ലാത്തതുമാണ് കവർച്ചയ്ക്ക് സഹായകമായത്. മുൻപും കവർച്ച നടന്നിട്ടുണ്ട്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം. രാത്രികാല പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.