പാലാ : കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലായിലും ഭരണങ്ങാനത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചന. നഗരസഭാ ജീവനക്കാരന് കൊവിഡ് പിടിപെട്ട സാഹചര്യത്തിൽ ഇദ്ദേഹവുമായി അടുത്ത് സമ്പർക്കം പുലർത്തിയ നഗരസഭയിലെ ജീവനക്കാർക്കും കൗൺസിലർമാർക്കും പാലാ നഗരസഭാ അങ്കണത്തിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്രവ പരിശോധന നടന്നു. പ്രൈമറി സമ്പർക്കത്തിലുള്ള 15 പേരോട് നഗരസഭ ഹോം ക്വാറന്റൈനിൽ പോകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇവർ ഉൾപ്പെടയുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ആകെ 64 പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കെടുത്തത്.
നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ 23 കൗൺസിലർമാരും സ്രവം പരിശോധനയ്ക്ക് നൽകി. ജനറൽ ആശുപത്രിയിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ആളുകളുമായി സമ്പർക്കം ഉണ്ടാകുമെന്നതിനാലാണ് നഗരസഭയിലേക്ക് പരിശോധന മാറ്റിയത്. നാളെ പരിശോധനാ ഫലം ലഭിക്കും.
പരിശോധനയ്ക്ക് സൗകര്യം
സ്രവ പരിശോധന നടത്തേണ്ടവർക്ക് അടുത്തദിവസങ്ങളിൽ പാലാ ജനറൽ ആശുപത്രി കൊവിഡ് കെയർ സെന്ററിൽ സൗകര്യമൊരിക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം നാളെ സ്രവ പരിശോധനാ ഫലം ലഭിച്ചശേഷമായിരിക്കും നഗരസഭാ കാര്യാലയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് തിരുമാനമെടുക്കുന്നത്. കഴിഞ്ഞദിവസങ്ങളിലും നഗരസഭാ ഓഫീസ് അണുവിമുക്തമാക്കിയിരുന്നു.
സമ്പർക്ക പട്ടികയിൽ 200 പേർ
പ്രവിത്താനത്തെ ഓട്ടോ ഡ്രൈവർമാരുടെ സമ്പർക്ക പട്ടികയിൽ 200 ഓളം പേർ. മീനച്ചിൽ താലൂക്കിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിന്നുള്ള ഏറ്റവും വലിയ സമ്പർക്കപട്ടികയാണിത്. ഒരു രോഗലക്ഷണവും കാണിക്കാതിരുന്നതിനാൽ ഇവർ കുടുംബാംഗങ്ങളുമായും അടുത്തിടപഴകി. രണ്ട് പേരുടെയും കുടുംബങ്ങളിലെ 10 പേരോട് ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുകയാണ്. കടനാട് പഞ്ചായത്തിലും ഭരണങ്ങാനം പഞ്ചായത്തിലും കൊവിഡ് രോഗികളുടെ വീടും പരിസരവും ഇന്നലെ ശുചീകരിച്ചു. വരുംദിവസങ്ങളിലും ശുചീകരണ പരിപാടികൾ തുടരും.
വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും
പ്രവിത്താനത്തെ രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇവർക്ക് വിപുലമായ സമ്പർക്കം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രവിത്താനം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചതായി വ്യാപാരി വ്യവസായി നേതാക്കൾ അറിയിച്ചു.