കാഞ്ഞിരപ്പള്ളി : എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഭൂരഹിതരായ 14 പേർക്ക് ഭൂമി നൽകി. 12 പേർക്ക് എരുമേലി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിപ്രകാരം വീടും നൽകി. കഴിഞ്ഞ വർഷം മഹല്ലിലെ അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത 20 ലക്ഷം രൂപ ഉപയോഗിച്ചാണ് എരുമേലിയിൽ 55 സെന്റ് സ്ഥലം വാങ്ങിയത്. മഹല്ലിലെ അംഗങ്ങളിൽ നിന്നും ഭൂരഹിതരായ 14 നിർദ്ധന കുടുംബങ്ങളെ കണ്ടെത്തി ഓരോരുത്തർക്കും മൂന്നുസെന്റ് സ്ഥലം വീതം നൽകി. 7 സെന്റ് സ്ഥലം പൊതു ആവശ്യത്തിനായി നീക്കിവച്ചു. ഇവിടെ സാംസ്‌കാരികനിലയം പണിയാനാണ് ആലോചന. ബാക്കി റോഡിനായും ഉപയോഗിച്ചു. ലൈഫ് പദ്ധതി പ്രകാരം പണിയുന്ന വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ പറഞ്ഞു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവർക്കായി അഞ്ചുവർഷ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ആദ്യഘട്ടം മുസ്ലിംവിഭാഗത്തിന് മാത്രമായിരുന്നു. അടുത്ത ഘട്ടത്തിൽ കൂടുതൽ ഭൂമി വാങ്ങി ഇതര സമുദായത്തിൽപ്പെട്ടവർക്കും നൽകുമെന്ന് ജമാഅത്ത് പ്രസിഡന്റ് അഡ്വ.പി എച്ച് ഷാജഹാൻ, സെക്രട്ടറി നൈസാം എന്നിവർ പറഞ്ഞു.