അടിമാലി: മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കർഷകരെ ദ്രോഹിക്കുന്ന നിലപാടുകളെയും കർഷകരോട് കാണിക്കുന്ന അക്രമങ്ങളേയും ചോദ്യം ചെയ്ത സി.പി.ഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണെന്ന് സി.പി.ഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ പറഞ്ഞു. തഹസീൽദാരുടെ സാന്നിധ്യത്തിൽ മനപൂർവ്വം ഒരു സംഘർഷം ഉണ്ടാക്കി നാട്ടുകാരെ കേസിൽ കുടുക്കാനാണ് ശ്രമം നടത്തിയത്. എന്നാൽ സി.പി.ഐ ലോക്കൽ സെക്രട്ടറി ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. നാട്ടുകാരൻ എന്ന നിലയിൽ ഈ വിഷയത്തിൽ ഇടപ്പെട്ട പ്രവീണിനെ വനംവകുപ്പുദ്യോഗസ്ഥർ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തപ്പോഴാണ് പ്രവീണുമായി വാക്ക് തർക്കമുണ്ടായത്. ഈ വിഷയത്തിൽ പ്രവീണിനെ മനപൂർവ്വം കേസിൽ കുടുക്കുകയെന്ന ലക്ഷ്യത്തോടു കൂടി വീഡിയോ എടുത്ത് ഡി.എഫ്.ഒയുടെയും ആർ.ഒയുടെയും വെല്ലുവിളി മ്യൂട്ട് ചെയ്യ്ത് വീഡിയോ എഡിറ്റ് ചെയ്ത് നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ച് കേസിൽ കുടുക്കുകയായിരുന്നു. സ്ഥലത്ത് പോയി ഒരന്വേഷണം പോലും നടത്താതെ പൊലീസും വനംവകുപ്പുദ്യോഗസ്ഥരുമായി ഒത്തുകളിച്ചു. പാർട്ടിയെ താറടിക്കുന്നതിനും ലോക്കൽ സെക്രട്ടറിയെ കുടുക്കുന്നതിനുമുള്ള ക്രമീകരണം ഉണ്ടാക്കി. മൂന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രവീണിന്റെ വീട്ടിലെത്തി വൃദ്ധരായ മാതാപിതാക്കളെയും പിഞ്ച് കുട്ടികളെയും പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പ്രവീണിന്റെ ഭാര്യയുടെ സ്ഥാപനത്തിലുമെത്തി ഇതേ രീതിയിൽ പെരുമാറി. വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും പുലഭ്യം പറയുന്നതും നിക്കറ് പൊലീസിന്റെ സംസ്കാരമാണ്. സുപ്രീംകോടതി വിധികളേയും പൊലീസ് നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് മൂന്നാർ സി.ഐ കേസിൽ ഇടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.