fire
ചിത്രം: പവര്‍ഹൗസിനുള്ളില്‍ തീപിടിച്ച ഭാഗം.

അടിമാലി: ഇരുട്ടുകാനം വിയാറ്റ് പവർഹൗസിലുണ്ടായ തീപിടുത്തത്തിൽ ട്രാൻസ്‌ഫോമർ ബ്രേക്കർ പാനൽ കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു തീപിടുത്തമുണ്ടായത്. പവർ ഹൗസിലെ സ്വിച്ച് ഗിയർ റൂമിലെ സ്റ്റേജ് വൺ 3.3 കെ.വി ഔട്ട് ഗോയിംഗ് ട്രാൻസ്‌ഫോമർ ബ്രേക്കർ പാനലാണ് കത്തി നശിച്ചത്. ഇന്റേണൽ വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടിമാലി അഗ്നിശമനസേനാംഗങ്ങൾ രണ്ട് മണിക്കൂറോളം നീണ്ട പ്രയത്നത്തിലൂടെയാണ് തീയണച്ച് ദുരന്തം ഒഴിവാക്കിയത്. അഗ്നി ബാധയെ തുടർന്ന് പവർഹൗസിന്റെ പ്രവർത്തനം നിറുത്തി വച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരം യൂണിറ്റാണ് പവർഹൗസിന്റെ പ്രതിദിന ഉത്പാദന ശേഷി. പ്രതിദിന ഉത്പാദനത്തിൽ നിന്ന് മൂന്നര ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നെന്നും ഇതിനു പുറമെ 25 ലക്ഷം രൂപയോളം വരുന്ന യന്ത്രസാമഗ്രികളുടെ നഷ്ടം സംഭവിച്ചതായും പ്ലാന്റ് മാനേജർ വി.വി. രാജൻ പറഞ്ഞു. അഗ്നിബാധയിൽ നശിച്ച യന്ത്രസാമഗ്രികൾ മാറ്റി പവർഹൗസ് പൂർണ്ണരീതിയിൽ പ്രവർത്തനക്ഷമമാക്കാൻ നിലവിലെ സാഹചര്യത്തിൽ ദിവസങ്ങൾ എടുക്കും. കഴിഞ്ഞ പ്രളയത്തിലും മണ്ണിടിഞ്ഞ് പവർ ഹൗസിന് വലിയ കേടുപാടുകളുണ്ടായിരുന്നു. വിയാറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുട്ടുകാനം ചെറുകിട വൈദ്യുതനിലയം.
കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത നിലയമാണിത്.